അമേരിക്കക്കാരേ…ഇതിലേ… ഇതിലേ…ന്യൂയോര്‍ക്കില്‍ ടൂറിസം റോഡ് ഷോകള്‍ നടത്തി കര്‍ണാടക

ന്യൂയോര്‍ക്ക്: യുഎസിലെ ന്യൂയോര്‍ക്കില്‍ രണ്ട് പ്രധാന റോഡ് ഷോകള്‍ സംഘടിപ്പിച്ച് കര്‍ണാടക ടൂറിസം. സംസ്ഥാനത്തിന്റെ സാംസ്‌കാരിക പൈതൃകം, അതിമനോഹരമായ പ്രകൃതിദൃശ്യങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍, പശ്ചിമഘട്ട ഭംഗി എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന ആകര്‍ഷണങ്ങള്‍ ലോകത്തിനു പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ടൂറിസം റോഡ് ഷോ ന്യൂയോര്‍ക്കിന് ദൃശ്യവിരുന്നേകിയത്.

കര്‍ണാടകയുടെ സമ്പന്നമായ സാംസ്‌കാരികവും പ്രകൃതിദത്തവുമായ പൈതൃകം എടുത്തുകാട്ടിയ റോഡ് ഷോയില്‍ ഹംപിയിലെ യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങള്‍, ബേലൂര്‍, ഹലേബിഡു ക്ഷേത്രങ്ങള്‍ എന്നിവയുള്‍പ്പെടെ കര്‍ണാടകയിലെ പ്രധാന യാത്രാ കേന്ദ്രങ്ങള്‍, സംസ്ഥാനത്തെ മനോഹരമായ ബീച്ചുകള്‍, ചരിത്രപ്രസിദ്ധമായ ക്ഷേത്രങ്ങള്‍ എന്നിവ പ്രദര്‍ശനത്തിന്റെ മാറ്റുകൂട്ടി. കടുവകള്‍, ആനകള്‍, വിവിധയിനം പക്ഷികള്‍ എന്നിവയുടെ ആവാസകേന്ദ്രമായ ബന്ദിപ്പൂര്‍ ദേശീയോദ്യാനം, സമ്പന്നമായ ജൈവവൈവിധ്യത്തിന് പേരുകേട്ട നാഗര്‍ഹോളെ ദേശീയോദ്യാനം തുടങ്ങിയ പ്രശസ്തമായ വന്യജീവി സങ്കേതങ്ങളും പരുപാടിയില്‍ ഇടംപിടിച്ചു. കാപ്പിത്തോട്ടങ്ങള്‍ക്ക് പേരുകേട്ട കൂര്‍ഗിലെ സമൃദ്ധമായ ഭൂപ്രകൃതിയും യുനെസ്‌കോയുടെ മറ്റൊരു ലോക പൈതൃക സൈറ്റായ പശ്ചിമഘട്ടവും സാഹസിക യാത്രകള്‍ക്കും ട്രെക്കിംഗ് പ്രേമികള്‍ക്കും അനുയോജ്യമായ സ്ഥലങ്ങളായി റോഡ്‌ഷോയില്‍ ഇടംപിടിച്ചു.

സാഹസികത, ആരോഗ്യം, ആഡംബര യാത്രകള്‍ എന്നിവയ്ക്കുള്ള അവസരങ്ങളും കര്‍ണാടകയുടെ സാംസ്‌കാരികവും പ്രകൃതിദത്തവുമായ വിഭവങ്ങള്‍ ഭാവി തലമുറയ്ക്കായി സംരക്ഷിക്കുന്നതിനെക്കുറിച്ചും കര്‍ണാടക ടൂറിസത്തില്‍ നിന്നുള്ള പ്രതിനിധികള്‍ ഊന്നിപ്പറഞ്ഞു. ഉത്തരവാദിത്തവും സുസ്ഥിരവുമായ ടൂറിസത്തോടുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധതയെക്കുറിച്ചും സംഘം വ്യക്തമാക്കി.

Also Read

More Stories from this section

family-dental
witywide