
തിരുവനന്തപുരം: കേരള മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്.മണികുമാറിൻ്റെ നിയമനം വൈകിപ്പിച്ച ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനത്തിനെതിരെ പിണറായി വിജയൻ സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. നിയമനത്തിന് ഗവർണർ കാലതാമസം വരുത്തിയതോടെ ജുഡീഷ്യറിയും മുൻ ചീഫ് ജസ്റ്റിസും സംശയത്തിൻ്റെ നിഴലിൽ നിൽക്കേണ്ടി വന്നുവെന്നാണ് സർക്കാരിൻ്റെ ആരോപണം.
എട്ടുമാസം മുമ്പാണ് ജസ്റ്റിസ് മണികുമാറിൻ്റെ നിയമനത്തിന് അംഗീകാരം തേടി ഫയൽ സർക്കാർ ഗവർണർക്ക് സമർപ്പിച്ചത്. കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തിൻ്റെ നിയമനത്തിന് രാജ്ഭവൻ അംഗീകാരം നൽകിയത്. തൊട്ടുപിന്നാലെ വ്യക്തിപരമായ കാരണങ്ങളാൽ തനിക്ക് ചുമതല ഏൽക്കാനാവില്ലെന്ന് ജസ്റ്റിസ് മണികുമാർ ഗവർണറെ രേഖാമൂലം അറിയിച്ചു.
പിതാവിൻ്റെ മരണം മൂലം നാട്ടിൽ തന്നെ തുടരേണ്ട സാഹചര്യമുണ്ട് എന്നാണ് കത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി അദ്ദേഹത്തിന് നിയമനം കിട്ടുമെന്നാണ് അറിയുന്നത്.
മുഖ്യമന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ്റെ പേര് ശുപാർശ ചെയ്യുന്നത്. 2023 ഓഗസ്റ്റിലാണ് മണികുമാറിനെ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിയമിക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചത്. എന്നാല്‍ നിയമനത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധം ഗവർണറെ അറിയിക്കുകയും ചെയ്തിരുന്നു.














