നോ ഡസ്റ്റ്, നോ ഡോളേഴ്സ്; യുറേനിയം നശിപ്പിക്കാതെ സാമ്പത്തിക ഇളവുകളില്ലെന്ന് ഇറാനോട് യുഎസ്, നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് ഇറാൻ

ദോഹ/വാഷിംഗ്ടൺ: യുഎസും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാർ അന്തിമമാക്കുന്നതിന് തടസ്സമായി ആണവ പദ്ധതികളും ഉപരോധം നീക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ തുടരുന്നതായി യുഎസ് ഉദ്യോഗസ്ഥർ. എങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഉടൻ തന്നെ പരിഹരിക്കാൻ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് മധ്യസ്ഥർ. ഇതിന്റെ നല്ലൊരു സൂചനയെന്നോണം ഇറാന്റെ മുതിർന്ന നയതന്ത്ര പ്രതിനിധികൾ അടങ്ങുന്ന സംഘം തിങ്കളാഴ്ച ഖത്തറിലെത്തിയിട്ടുണ്ട്. ഖത്തറിന്റെ മികച്ച മധ്യസ്ഥശ്രമങ്ങൾ ചർച്ചകളെ അനുകൂലമായി ബാധിക്കുമെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ.

തങ്ങളുടെ പക്കലുള്ള ഉയർന്ന തോതിൽ സമ്പുഷ്ടീകരിച്ച യുറേനിയം പൂർണ്ണമായും നശിപ്പിക്കുമെന്നും ആണവായുധങ്ങൾ നിർമ്മിക്കില്ലെന്നുമുള്ള കൃത്യമായ ഉറപ്പാണ് അമേരിക്ക ഇറാനിൽ നിന്നും ആവശ്യപ്പെടുന്നത്. ഈ വ്യവസ്ഥകൾക്ക് ഇറാൻ തത്വത്തിൽ അംഗീകാരം നൽകിയതായി കഴിഞ്ഞ ഞായറാഴ്ച യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇറാന്റെ ഭാഗത്തുനിന്നും ഇപ്പോഴും ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട്. തങ്ങൾ നിലവിലെ ധാരണാപത്രത്തിൽ ആണവ പദ്ധതിയുടെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നില്ലെന്നും, അത് വരാനിരിക്കുന്ന അടുത്ത ഘട്ട ചർച്ചകളിലേക്ക് മാറ്റിവെച്ചിരിക്കുകയാണെന്നുമാണ് ടെഹ്‌റാന്റെ നിലപാട്.

അതേസമയം, തങ്ങളുടെ തകർന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനായി യുഎസ് ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങൾ നീക്കണമെന്നും മരവിപ്പിച്ച ബാങ്ക് ആസ്തികൾ ഉടനടി വിട്ടുനൽകണമെന്നും ഇറാൻ ശക്തമായി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ആണവ കാര്യങ്ങളിൽ കൃത്യമായ പുരോഗതി ഉണ്ടാകാതെ ഇറാനിലേക്ക് ഒരൊറ്റ ഡോളർ പോലും എത്തില്ലെന്ന ഉറച്ച നിലപാടിലാണ് വാഷിംഗ്ടൺ.

“നോ ഡസ്റ്റ്, നോ ഡോളേഴ്സ്”

ഈ വാരാന്ത്യത്തിൽ അമേരിക്കൻ ഉദ്യോഗസ്ഥർക്കിടയിൽ ഉയർന്നുവന്ന പ്രധാന മുദ്രാവാക്യമാണിത്. ഇറാന്റെ പക്കലുള്ള 1,000 പൗണ്ടോളം (ഏകദേശം 400 കിലോഗ്രാം) വരുന്ന സമ്പുഷ്ടീകരിച്ച യുറേനിയം പൊടി പൂർണ്ണമായും നശിപ്പിക്കുകയോ രാജ്യം കടത്തുകയോ ചെയ്യാതെ, കരാർ പ്രകാരമുള്ള യാതൊരുവിധ സാമ്പത്തിക ആനുകൂല്യങ്ങളും (ഡോളർ) ഇറാൻ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് വൈറ്റ് ഹൗസ് ഇതിലൂടെ വ്യക്തമാക്കുന്നത്.

More Stories from this section

family-dental
witywide