കൊല്‍ക്കത്ത ഡോക്ടറുടെ കൊലപാതകം : പ്രതിക്കായി ഹാജരാകില്ലെന്ന് അഭിഭാഷകര്‍, നുണപരിശോധന വൈകിയേക്കും

ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ ആശുപത്രിയില്‍ 31 കാരിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് നുണപരിശോധന നടത്താന്‍ സിബിഐക്ക് പ്രാഥമിക അനുമതി ലഭിച്ചെങ്കിലും പുതിയൊരുക്ക് കുരുക്ക്. പ്രതി സഞ്‌ജോയ് റേയ്ക്ക് വേണ്ടി ഒരു അഭിഭാഷകനും ഹാജരാകാന്‍ തയ്യാറാകാത്തതോടെ നുണപരിശോധനയടക്കം വൈകുമെന്ന് റിപ്പോര്‍ട്ട്.

ഓഗസ്റ്റ് 9നാണ് യുവ ഡോക്ടറുടെ മൃതദേഹം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കണ്ടെത്തിയത്. ജില്ലാ കോടതി ഈ ആഴ്ച ആദ്യം സഞ്‌ജോയ് റേയുടെ നുണ പരിശോധനയ്ക്ക് പ്രാഥമിക അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ക്കുവേണ്ടി ഹാജരാകില്ലെന്ന് അഭിഭാഷകര്‍ നിലപാടെടുത്തതോടെ ചൊവ്വാഴ്ച നുണ പരിശോധന മാറ്റിവെക്കേണ്ടി വന്നു. ഇതേത്തുടര്‍ന്ന് പരിശോധനയുടെ ശാരീരികവും മാനസികവുമായ വശങ്ങളെ കുറിച്ച് പ്രതിയെ അറിയിക്കാന്‍ നിയമസഹായ ഉപദേഷ്ടാവിനെ ഇപ്പോള്‍ നിയോഗിച്ചിട്ടുണ്ട്. പ്രതിയുടെ സമ്മതം ലഭിച്ചാലുടന്‍ സിബിഐക്ക് പരിശോധനയുമായി മുന്നോട്ട് പോകാനാകുമെന്നാണ് വിവരം. പ്രതിയെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് സിബിഐ പരിഗണിക്കുന്നത്. പ്രതിയുടെ ക്രൂരത രാജ്യവ്യാപകമായി വന്‍ പ്രതിഷേധത്തിന് കാരണമാവുകയും ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്തിരുന്നു.

പോളിഗ്രാഫ് ടെസ്റ്റ് അഥവാ നുണ പരിശോധന, ചോദിക്കുന്ന ചോദ്യങ്ങളോടുള്ള ഒരു വ്യക്തിയുടെ ശാരീരിക പ്രതികരണങ്ങള്‍ (ഹൃദയമിടിപ്പ്, ശ്വസനത്തിലെ മാറ്റങ്ങള്‍, വിയര്‍പ്പ്, രക്തസമ്മര്‍ദ്ദം) അളന്ന് മൊഴി പരിശോധന നടത്തുന്ന ശാസ്ത്രീയ രീതിയാണ്.