ലോക കേരള സഭ തട്ടിക്കൂട്ട് മാമാങ്കം, പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തുവിടണം : കെ.സുരേന്ദ്രന്‍

കോട്ടയം: ലോക കേരള സഭയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കഴിഞ്ഞ കാലങ്ങളിലെ ലോക കേരള സഭയുടെ പ്രോഗ്രസ്സ് കാര്‍ഡ് പുറത്തുവിടണമെന്നാണ് സുരേന്ദ്രന്റെ ആവശ്യം.

ലോക കേരള സഭകൊണ്ട് കേരളത്തിന് ഒരു പ്രയോജനവുമില്ലെന്നും തട്ടിക്കൂട്ട് മാമാങ്കമാണെന്നും അതുകോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ ആരോപിച്ചു. കേരളത്തിലെ ഇരു മുന്നണികളും പ്രവാസികളെ കറവപശുക്കളായിട്ടാണ് കാണുന്നതെന്നും ഇതുകൊണ്ട് മലയാളികള്‍ക്ക് എന്ത് ഗുണമുണ്ടായെന്നും അദ്ദേഹം ചോദിച്ചു. ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവരെ കാണാന്‍ പോലും മുഖ്യമന്ത്രി ശ്രമിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

എന്ത് നിക്ഷേപമാണ് കേരളത്തില്‍ ഉണ്ടായത്? ലോക കേരള സഭയിലേക്ക് പ്രതിനിധികളെ നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം എന്ത്? നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ എന്തൊക്കെ ചെയ്തു? എന്നീ ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.