ആർഎസ്എസ് പരിപാടിയിൽ കേരളത്തിലെ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തതിനെ വിമർശിച്ച മുഖ്യമന്ത്രി വി.ഡി. സതീശനെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. ‘സംഘപരിവാറിന്റെ നൂറു വർഷങ്ങൾ’ എന്ന തലക്കെട്ടിൽ സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത പ്രഭാഷണ സഭയിൽ വിസിമാർ പങ്കെടുത്തത് അതീവ ഗൗരവതരമാണെന്നും അവർ കേരളത്തോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് താഴെയാണ് “ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തവരൊക്കെ മാപ്പു പറയുകയാണെങ്കിൽ ആദ്യം അങ്ങു തന്നെ മാപ്പു പറഞ്ഞു തുടങ്ങുന്നതായിരിക്കും നല്ലത്” എന്ന് കെ. സുരേന്ദ്രൻ ട്രോൾ കമന്റുമായി നേരിട്ടെത്തിയത്.
നേരത്തെ വിസിമാർക്ക് സംഭവിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും ഇത് കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസലർമാരുടെ അന്തസ്സിനും നിരക്കാത്തതാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ കുറ്റപ്പെടുത്തിയിരുന്നു. തീവ്ര വർഗീയത പറയുന്ന ആർഎസ്എസ് നേതാവിന്റെ പരിപാടിയിൽ പങ്കെടുത്തതിലൂടെ പൊതുസമൂഹത്തിന് വിസി പദവിയോടുള്ള ആദരവാണ് ഇവർ കളഞ്ഞുകുളിച്ചതെന്നും വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം നടപടികൾ വച്ചുപൊറുപ്പിക്കില്ലെന്നും വ്യക്തമാക്കിയാണ് പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഇതിനെതിരെയാണ് മുഖ്യമന്ത്രിയുടെ പഴയകാല ആർഎസ്എസ് വേദി സന്ദർശനങ്ങൾ ഓർമ്മിപ്പിക്കുന്ന തരത്തിൽ സുരേന്ദ്രൻ മറുപടി നൽകിയത്.
ഉദയ കൺവെൻഷൻ സെന്ററിൽ മാധ്യമങ്ങൾക്ക് പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തിയും കനത്ത സുരക്ഷയിലുമാണ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പരിപാടി സംഘടിപ്പിച്ചത്. കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ, എം ജി സർവകലാശാല വിസി ഡി മാവൂത്ത്, മലയാളം സർവകലാശാല വിസി സി ആർ പ്രസാദ് എന്നിവരാണ് ഈ ചടങ്ങിൽ ഒന്നിച്ച് പങ്കെടുത്തത്. സംസ്ഥാനത്തെ പ്രമുഖ സർവകലാശാലാ തലവന്മാർ കൂട്ടത്തോടെ ആർഎസ്എസ് വേദിയിലെത്തിയത് ഇതിനകം തന്നെ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ വിവാദങ്ങൾക്കും പുതിയ വാക്പോരുകൾക്കും കാരണമായിട്ടുണ്ട്.
K Surendran Trolls CM VD Satheesan Over Demand for VCs’ Apology For Attending RSS Event















