11 വർഷത്തെ നിയമ പോരാട്ടം, മരണാനന്തരം മൻമോഹന് നീതി, കൽക്കരി കുംഭകോണ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി, മുൻ പ്രധാനമന്ത്രിക്ക് ക്ലീൻ ചിറ്റ്

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ഉൾപ്പെട്ട കൽക്കരി കുംഭകോണ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി ഉത്തരവായി. കേസിൽ സിബിഐ സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. ഒഡീഷയിലെ താലാബീര-II കൽക്കരിപ്പാടം സ്വകാര്യ കമ്പനിക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അദ്ദേഹത്തിന് ക്ലീൻ ചിറ്റ് ലഭിച്ചത്. മൻമോഹൻ സിങ് ഉൾപ്പെടെയുള്ളവർ വിചാരണ നേരിടണമെന്ന പ്രത്യേക സിബിഐ കോടതിയുടെ 2015-ലെ ഉത്തരവ് സുപ്രീം കോടതി പൂർണ്ണമായും റദ്ദാക്കി.

വ്യക്തമായ സാങ്കേതിക കാരണങ്ങളോ തെളിവുകളോ ഇല്ലാതെയാണ് സിബിഐയുടെ ക്ലോഷർ റിപ്പോർട്ട് പ്രത്യേക സിബിഐ കോടതി തള്ളിയതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. കേസിൽ വിശദമായ അന്വേഷണം നടത്തിയ സിബിഐ, യാതൊരുവിധ ക്രിമിനൽ ഗൂഢാലോചനയും നിലനിൽക്കില്ലെന്നാണ് രണ്ട് ക്ലോഷർ റിപ്പോർട്ടുകളിലും വ്യക്തമാക്കിയിരുന്നത്. പ്രത്യേക കോടതി ഉത്തരവിനെ തുടർന്ന് ഉയർന്ന നിയമപോരാട്ടങ്ങൾക്കാണ് 11 വർഷങ്ങൾക്ക് ശേഷം അന്ത്യമായിരിക്കുന്നത്.

മൻമോഹൻ സിങ്ങിനെ വിചാരണ ചെയ്യാൻ ആവശ്യമായ തെളിവുകളില്ലെന്ന സിബിഐയുടെ കണ്ടെത്തൽ ശരിവെച്ചതോടെയാണ് വർഷങ്ങൾ നീണ്ട വിവാദങ്ങൾക്ക് വിരാമമായത്. 2015 ഏപ്രിലിൽ തന്നെ സിബിഐ കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. സുപ്രീം കോടതിയുടെ അന്തിമ വിധി വന്നതോടെ കൽക്കരിപ്പാടം ഇടപാടുമായി ബന്ധപ്പെട്ട് ഉയർന്ന എല്ലാ ആരോപണങ്ങളിൽ നിന്നും മുൻ പ്രധാനമന്ത്രി പൂർണ്ണമായും മുക്തനായി.

Coal Scam Case Closed: Supreme Court Gives Clean Chit To Former PM Manmohan Singh

More Stories from this section

family-dental
witywide