ചിക്കാഗോയില്‍ നിന്നും T20 കാണാന്‍ പോയ മലയാളി യുവാക്കളും ബാര്‍ബഡോസില്‍ കുടുങ്ങി

ചിക്കാഗോ: ആരാധകരെ ആവേശക്കൊടുമുടിയിലെത്തിച്ച ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 ഫൈനല്‍ പോരാട്ടം കാണാന്‍ ബാര്‍ബഡോസിലെത്തിയ ചിക്കാഗോയില്‍ നിന്നുള്ള മലയാളി യുവാക്കളുടെ സംഘവും കൊടുങ്കാറ്റ് ഭീഷണിയില്‍ കുടുങ്ങി. മടക്കയാത്ര വൈകുന്നു. അഞ്ചുപേരടങ്ങുന്ന സംഘമാണ് ബാര്‍ബഡോസില്‍ നിന്നും ചിക്കാഗോയിലേക്ക് മടങ്ങാനാവാതെ പ്രതിസന്ധികളെ തരണം ചെയ്ത് ദിവസങ്ങള്‍ തള്ളി നീക്കുന്നത്.

ബെറില്‍ കൊടുങ്കാറ്റും പ്രതികൂല കാലാവസ്ഥയും കാരണം ബാര്‍ബഡോസില്‍ നിന്നുള്ള മടക്കയാത്ര കൂടുതല്‍ ദുഷ്‌കരമാകുകയാണ്. വിമാനത്താവളങ്ങള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചാല്‍ മാത്രമേ യുവാക്കള്‍ക്ക് മടക്കയാത്രയ്ക്ക് വഴി തെളിയൂ.

അതേസമയം, ബാര്‍ബഡോസില്‍ നിന്നും മടങ്ങാനാകാതെ, ഇന്ത്യന്‍ ടീം അംഗങ്ങളും പ്രതിസന്ധിയിലാണ്. ഇന്ത്യന്‍ ടീമിന്റെ മടക്കയാത്ര വൈകുന്നത് സംബന്ധിച്ച് ഇനിയും കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ബെറില്‍ ചുഴലിക്കാറ്റ് കരീബിയന്‍ മേഖലയില്‍ സാന്നിധ്യമറിയിച്ചതോടെ ബാര്‍ബഡോസില്‍ നിന്നുള്ള ടീം ഇന്ത്യയുടെ തിരിച്ചുനരവ് ഇനിയും വൈകുമെന്ന് ഉറപ്പാണ്. ശനിയാഴ്ചയായിരുന്നു ടി20 ലോകകപ്പ് ഫൈനല്‍ നടന്നത്. ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ച് ചരിത്രത്തില്‍ രണ്ടാം തവണയും ടി20 ലോകകപ്പ് ട്രോഫി നേടിയ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീമിനെ ആവേശോജ്ജ്വലമായി സ്വീകരിക്കാന്‍ കാത്തിരിക്കുന്ന ഇന്ത്യക്ക് നിരാശയാണിത് സമ്മാനിക്കുന്നത്. സപ്പോര്‍ട്ട് സ്റ്റാഫ്, കുടുംബാംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ ഏകദേശം 70 അംഗങ്ങളാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്.

അറ്റ്ലാന്റിക് സമുദ്രത്തില്‍ നിന്ന് ഉത്ഭവിച്ച ബെറില്‍ ചുഴലിക്കാറ്റ് മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

More Stories from this section

family-dental
witywide