
വാഷിംഗ്ടൺ: മിസൈൽ ഇന്റർസെപ്റ്റർ (ആക്രമണ മിസൈലുകളെ തകർക്കുന്ന സംവിധാനം) ഘടകങ്ങളുടെ ഉൽപ്പാദന ശേഷി വൻതോതിൽ വർദ്ധിപ്പിക്കുന്നതിനായി പ്രമുഖ പ്രതിരോധ നിർമ്മാണ കമ്പനികളായ ലോക്ക്ഹീഡ് മാർട്ടിൻ, നോർത്ത്റോപ്പ് ഗ്രമ്മൻ എന്നിവരുമായി അമേരിക്കൻ പ്രതിരോധ മന്ത്രാലയം സമഗ്ര കരാറിൽ ഒപ്പുവെച്ചു. കരാറിന്റെ സാമ്പത്തിക മൂല്യം പെന്റഗൺ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ഉക്രെയ്‌നിലും ഇറാനിലും തുടരുന്ന യുദ്ധങ്ങളും സൈനിക നീക്കങ്ങളും കാരണം അമേരിക്കൻ സൈന്യത്തിന്റെ പക്കലുള്ള അത്യാധുനിക ആയുധ ശേഖരത്തിലും മിസൈൽ പ്രതിരോധ സംവിധാനങ്ങളിലും വൻ കുറവ് സംഭവിച്ചതായി വിവിധ അന്താരാഷ്ട്ര റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തരമായി നിർമ്മാണം ത്വരിതപ്പെടുത്താനും ആയുധ ശേഖരം പൂർവ്വസ്ഥിതിയിലാക്കാനും അമേരിക്ക തീരുമാനിച്ചത്. മിസൈൽ പ്രതിരോധ ഘടകങ്ങൾ കൂടുതൽ വേഗത്തിൽ വിപണിയിലെത്തിക്കാൻ ഈ കരാർ സഹായിക്കുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.











