അമേരിക്കയിൽ പിസ ഡെലിവറിക്കിടെ ഇന്ത്യൻ വിദ്യാർഥിയെ വെടിവെച്ച് കൊലപ്പെടുത്തി

ഫിലഡെൽഫിയ: അമേരിക്കയിലെ പെൻസിൽവാനിയ സംസ്ഥാനത്തെ ഫിലാഡൽഫിയയിൽ പിസ ഡെലിവറി ജോലിക്കിടെ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് കൊല്ലപ്പെട്ടു. തെലങ്കാന സ്വദേശിയായ 28 വയസുകാരനായ അൻഷുൽ കുഞ്ചയാണ് വെടിയേറ്റ് മരിച്ചത്. വെള്ളിയാഴ്ച അർധരാത്രിയോടെ നോർത്ത് ഫിലഡെൽഫിയയിലായിരുന്നു സംഭവം.

പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഒഴിഞ്ഞുകിടന്ന ഒരു വീട്ടിലേക്ക് പിസ ഓർഡർ ചെയ്ത ശേഷം ഡെലിവറിക്കെത്തിയ അൻഷുലിനെ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ നിലയിൽ കണ്ടെത്തിയ അൻഷുലിനെ പൊലീസ് ടെംപിൾ യൂണിവേഴ്സിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെ ഒരു മണിയോടെ മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ്, അൻഷുലിന്റെ അകാല വിയോഗത്തിൽ അതിയായ ദുഃഖമുണ്ടെന്നും കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകിവരികയാണെന്നും അറിയിച്ചു.

ഫിലാഡൽഫിയയിലെ റെയ്മണ്ട് റോസൻ ഹോംസ് ഹൗസിംഗ് കോംപ്ലക്സിലെ ഒഴിഞ്ഞുകിടന്ന ഒരു വീട്ടിലേക്കാണ് പിസ ഓർഡർ ലഭിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഓർഡർ എത്തിച്ച ശേഷം മടങ്ങുന്നതിനിടെയാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങളിൽ പിസയുമായി നടക്കുകയായിരുന്ന അൻഷുലിനെ ഇരുണ്ട നിറത്തിലുള്ള വസ്ത്രം ധരിച്ചും ബാക്ക്പാക്ക് ചുമന്നും എത്തിയ രണ്ട് പേർ പിന്തുടരുന്നതായി കാണുന്നുണ്ട്.

ബിസിനസ് അനലിറ്റിക്സിൽ മാസ്റ്റേഴ്സ് പഠനത്തിനായാണ് അൻഷുൽ അമേരിക്കയിലെത്തിയത്. 2024-ൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം പെൻസിൽവാനിയയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഡാറ്റ വാലിഡേഷൻ അനലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. അധിക വരുമാനത്തിനായി വാരാന്ത്യങ്ങളിൽ പിസ ഡെലിവറി ജോലിയും ചെയ്തിരുന്നു.

ഇതിനിടെ, സംഭവം ആസൂത്രിത കൊലപാതകമാണെന്ന് അൻഷുലിന്റെ സഹോദരി തൻവി ആരോപിച്ചു. “ഇത് ഒരു കെണിയായിരുന്നു. എന്റെ സഹോദരനെ കൊല്ലാൻ മനഃപൂർവം ഒരുക്കിയ പദ്ധതി. തലയ്ക്ക് മൂന്ന് തവണ വെടിവെച്ച ശേഷം റോഡിൽ ഉപേക്ഷിച്ചുവെന്നാണ് ഞങ്ങളെ അറിയിച്ചത്,” എന്ന് സഹോദരി പ്രതികരിച്ചു. സഹോദരന്റെ മരണത്തിൽ നീതി ലഭിക്കണമെന്നും മൃതദേഹം എത്രയും വേഗം ഇന്ത്യയിലെത്തിക്കണമെന്നും തൻവി ആവശ്യപ്പെട്ടു. “ഞങ്ങൾക്ക് വേണ്ടത് സഹോദരനെ തിരികെ ലഭിക്കുകയെന്നതാണ്. അതോടൊപ്പം കുറ്റക്കാർക്കെതിരെ നടപടി വേണം,” എന്നും സഹോദരി കൂട്ടിച്ചേർത്തു.

അതേസമയം, കറുത്ത മുഖംമൂടി ധരിച്ച രണ്ട് തോക്കുധാരികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രതികളെ തിരിച്ചറിയുന്നതിനായി കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

An Indian man was reportedly shot dead in the United States while delivering pizza in Pennsylvania’s Philadelphia

More Stories from this section

family-dental
witywide