
മധ്യപ്രദേശിൽ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കും ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്, സംസ്ഥാന സെക്രട്ടറി രജനീഷ് അഗർവാൾ, മഹേഷ് കേവത് എന്നിവരാണ് സഭയിലെത്തുന്നത്. വ്യാഴാഴ്ച പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ മൂവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ കൈമാറുകയും ചെയ്തു.
കോൺഗ്രസിന്റെ ഏക സ്ഥാനാർത്ഥിയായ മുൻ എംപി മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക സൂക്ഷ്മപരിശോധനയ്ക്കിടെ വരണാധികാരി തള്ളിയതോടെയാണ് ബിജെപിക്ക് മൂന്ന് സീറ്റുകളിലും വിജയം സുഗമമായത്. സത്യവാങ്മൂലത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ചായിരുന്നു പത്രിക നിരസിച്ചത്. പത്രിക തള്ളിയ നടപടിയെ ചോദ്യം ചെയ്ത് കോൺഗ്രസ് നൽകിയ ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ബിജെപി സ്ഥാനാർത്ഥികളെ വരണാധികാരി ഔദ്യോഗികമായി വിജയികളായി പ്രഖ്യാപിച്ചത്.
നടപടികൾ സ്റ്റേ ചെയ്യാൻ സുപ്രീം കോടതി നേരത്തെ വിസമ്മതിച്ചിരുന്നു. പത്രിക സമർപ്പണവും സൂക്ഷ്മപരിശോധനയും കഴിഞ്ഞ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയും സർട്ടിഫിക്കറ്റ് കൈമാറുകയും ചെയ്ത സാഹചര്യത്തിൽ, നാളെ പരിഗണിക്കാനിരിക്കുന്ന കോൺഗ്രസിന്റെ ഹർജി സാങ്കേതികമായി നിലനിൽക്കില്ലെന്നാണ് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായതിനാൽ ഇനി കോൺഗ്രസിന് തിരഞ്ഞെടുപ്പ് ഹർജിയിലൂടെ (Election Petition) മാത്രമേ ഈ തീരുമാനത്തെ ചോദ്യം ചെയ്യാനാകൂ.
BJP Wins All Three Rajya Sabha Seats Unopposed in Madhya Pradesh After Congress Candidate’s Nomination Rejected











