അമേരിക്കയിലെ വെർജീനിയ സംസ്ഥാനത്തെ ഒരു സൂപ്പർമാർക്കറ്റിൽ ഇന്ത്യൻ വംശജയായ സ്ത്രീ വെടിയേറ്റ് കൊല്ലപ്പെട്ടു. ഗുജറാത്ത് സ്വദേശിനിയായ മേഘ്‌നാബെൻ പട്ടേൽ (45) ആണ് കൊല്ലപ്പെട്ടത്. കവർച്ചാശ്രമത്തിനിടെയുണ്ടായ ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ 10 വർഷമായി ഇതേ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു മേഘ്‌നാബെൻ പട്ടേൽ. സംഭവവിവരം ലഭിച്ചതോടെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ, മുഖംമൂടിയും കൈയുറകളും ധരിച്ച ഒരാൾ സാധനങ്ങൾ വാങ്ങാനേന്ന വ്യാജേന കടയിൽ പ്രവേശിക്കുന്നതായി കാണാം. തുടർന്ന് കൗണ്ടറിന് സമീപമെത്തിയ ഇയാൾ ജാക്കറ്റിൽ നിന്ന് തോക്ക് പുറത്തെടുത്ത് മേഘ്‌നാബെൻ പട്ടേലിന് നേരെ വെടിയുതിർക്കുകയായിരുന്നു. രണ്ട് വെടിയേറ്റ് നിലത്തുവീണ മെഘ്നാബെന് നേരെ പ്രതി വീണ്ടും വെടിയുതിർത്തെന്നും തുടർന്ന് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടെന്നുമാണ് റിപ്പോർട്ട്. എന്നാൽ വീഡിയോയുടെ ആധികാരികത ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ ജന്ത്രാൽ ഗ്രാമവാസിയായിരുന്നു മേഘ്‌നാബെൻ പട്ടേൽ. ഭർത്താവ് ഉപേന്ദ്രഭായ് പട്ടേൽ, മകൾ നക്ഷി, മകൻ സ്മിത്ത് എന്നിവരാണ് കുടുംബാംഗങ്ങൾ. മാർച്ചിൽ അമേരിക്കയിലെ ജോർജിയയിൽ ഹരിയാന സ്വദേശിയായ 22-കാരൻ ചേതക് ശർമ്മയും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. മികച്ച ജീവിതം തേടി അമേരിക്കയിലെത്തിയ യുവാവിനെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
A 45-year-old Indian woman from Gujarat was reportedly shot dead during a suspected robbery bid at a supermarket in Virginia, United States.














