എന്‍.ബി.എ യുടെ തിരുവോണം – ജന്മാഷ്ടമി ആഘോഷങ്ങള്‍ വര്‍ണാഭമായി

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ നായര്‍ ബനവലന്റ് അസോസിയേഷന്‍, സെപ്തംബര്‍ 8 ഞായറാഴ്ച പകല്‍ 11 മണി മുതല്‍ ഫ്‌ലോറല്‍ പാര്‍ക്കിലുള്ള PS 115 സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് ഓണാഘോഷവും ജന്മാഷ്ടമി ആഘോഷവും സംയുക്തമായി ആഘോഷിച്ചു.

ജോയിന്റ് സെക്രട്ടറി ജയപ്രകാശ് നായര്‍ ഏവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. പ്രഥമ വനിത വത്സാ കൃഷ്ണ, പ്രസിഡന്റ് ക്രിസ് തോപ്പില്‍, മഹാബലി, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഉണ്ണിക്കൃഷ്ണന്‍ നായര്‍, വിശിഷ്ടാതിഥി ന്യൂയോര്‍ക്ക് അസംബ്ലിമാന്‍ എഡ് ബ്രോണ്‍സ്‌റ്റൈന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. ചെണ്ടമേളവും താലപ്പൊലിയുമായി മഹാബലിയായി വേഷമിട്ട അപ്പുക്കുട്ടന്‍ പിള്ളയെ വരവേറ്റു. വിശിഷ്ടാതിഥിയായിരുന്ന അസംബ്ലിമാന്‍ എഡ് ബ്രോണ്‍സ്‌റ്റൈന്‍ അമ്പതു വര്‍ഷത്തിലേറെയായി മഹാബലിയാവുന്ന അപ്പുക്കുട്ടന്‍ പിള്ളയെയും അദ്ദേഹത്തെ അണിയിച്ചൊരുക്കുന്ന രാജമ്മ പിള്ളയെയും അനുമോദിക്കുകയും പ്രശംസാപത്രം നല്‍കി ആദരിക്കുകയും ചെയ്തു.

അസ്സോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ വളരെ ശുഷ്‌കാന്തിയോടെ ഇടപെടുന്ന ഊര്‍മിള റാണി നായര്‍ക്കും പ്രശംസാപത്രം നല്‍കിക്കൊണ്ട് പുതിയ തലമുറ കൂടുതല്‍ മുന്നോട്ട് വരണമെന്ന് എഡ് ബ്രോണ്‍സ്‌റ്റൈന്‍ ആഹ്വാനം ചെയ്തു. എഡ് ബ്രോണ്‍സ്‌റ്റൈന്റെ ലിയേസണ്‍ ഓഫീസര്‍ കോശി എ തോമസ് ആണ് അദ്ദേഹത്തെ സദസ്സിന് പരിചയപ്പെടുത്തിയത്. പ്രസിഡന്റ് ക്രിസ് തോപ്പില്‍ എഡ് ബ്രോണ്‍സ്‌റ്റൈനെ പൊന്നാട അണിയിച്ച് ആദരിച്ചപ്പോള്‍ കോശി തോമസ് കരുതിയിരുന്ന മറ്റൊരു പൊന്നാട ബ്രോണ്‍സ്‌റ്റൈന്‍ പ്രസിഡന്റ് ക്രിസ് തോപ്പിലിനെയും അണിയിച്ചത് കൗതുകമുണര്‍ത്തി.

തുടര്‍ന്ന് ഊര്‍മിള റാണി നായര്‍ കോറിയോഗ്രഫി ചെയ്ത തിരുവാതിര അതിമനോഹരവും ഹൃദ്യവുമായിരുന്നു. ഊര്‍മിള റാണി നായര്‍, രാധാമണി നായര്‍, ലതിക ഉണ്ണി, വത്സാ കൃഷ്ണ, സോണിയ നായര്‍, റ്റിനാ ദീപു, നീനാ കുറുപ്പ്, വൈഷ്ണവി നമ്പ്യാര്‍, വനജ നായര്‍, ലേഖ നായര്‍, പ്രജിത നായര്‍, പ്രമീള നായര്‍ എന്നിവരാണ് തിരുവാതിര അവതരിപ്പിച്ചത്.

പ്രസിഡന്റ് ക്രിസ് തോപ്പില്‍ എല്ലാവരെയും സ്വാഗതം ചെയ്യുകയും കോവിഡ് കാലത്തിനു ശേഷം ആദ്യമായി ഇത്രയുമധികം ജനങ്ങളെ ഓണാഘോഷച്ചടങ്ങിന് കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും വ്യക്തമാക്കി. കൂടുതല്‍ ചെറുപ്പക്കാര്‍ അസോസിയേഷന്റെ ഭാരവാഹിത്വം ഏറ്റെടുത്തു പ്രവര്‍ത്തിക്കാന്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

രാധാമണി നായരുടെ നേതൃത്വത്തില്‍ അസോസിയേഷനിലെ അംഗങ്ങളുടെ വസതികളില്‍ വച്ച് പാകം ചെയ്തുകൊണ്ടുവന്ന വിഭവങ്ങള്‍ ചേര്‍ന്ന സമൃദ്ധമായ ഓണസദ്യക്കു ശേഷം പരിപാടികളുടെ രണ്ടാം ഭാഗം ആരംഭിച്ചു. ഓണസന്ദേശം നല്‍കാനെത്തിയ ഡോ. മധു ഭാസ്‌കരനെ ജോ. സെക്രട്ടറി ജയപ്രകാശ് നായര്‍ പരിചയപ്പെടുത്തി. ഡോ. മധു ഭാസ്‌കരന്‍ ഓണസന്ദേശം നല്‍കുകയും ഓണത്തിന്റെ ഐതിഹ്യം വിവരിച്ചുകൊടുക്കുകയും ചെയ്തു. അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് ഡോ. ഭാസ്‌കരന്‍ പറഞ്ഞു.

തുടര്‍ന്ന് ഭക്തി ഗീതാഞ്ജലി എന്ന നവീകരിച്ച ഭജനാവലിയുടെ പ്രകാശനം നടന്നു. മുന്‍ പ്രസിഡന്റായിരുന്ന കുന്നപ്പള്ളി രാജഗോപാലും പത്‌നി രാജേശ്വരി രാജഗോപാലും കൂടി സ്വന്തമായി അച്ചടിപ്പിച്ച് നായര്‍ ബനവലന്റ് അസോസിയേഷന് സംഭാവനയായി സമര്‍പ്പിക്കുകയായിരുന്നു ഈ പുസ്തകം. കുന്നപ്പള്ളി രാജഗോപാലും പത്‌നി രാജേശ്വരി രാജഗോപാലും ചേര്‍ന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന് ഒരു പുസ്തകം നല്‍കിക്കൊണ്ട് ഈ ഭക്തിഗീതാഞ്ജലി എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. രാജഗോപാല്‍ തന്റെ പ്രസംഗത്തില്‍ ഈ പുസ്തകത്തിന്റെ ഏറിയ പങ്ക് ജോലിയും നിര്‍വഹിച്ചത് ജയപ്രകാശ് നായരാണെന്നും അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് കലാപരിപാടികള്‍ സുഗമമായി സംഘടിപ്പിക്കുവാന്‍ മാസ്റ്റര്‍ ഓഫ് സെറിമണിയായി ശോഭാ കറുവക്കാട്ടിനെ ക്ഷണിച്ചു. ശോഭയെ ഔപചാരികമായി ഊര്‍മിള റാണി നായര്‍ പരിചയപ്പെടുത്തി.

നൂപുര ഡാന്‍സ് അക്കാഡമിയിലെ ചന്ദ്രികാ കുറുപ്പിന്റെയും ലക്ഷ്മി കുറുപ്പിന്റെയും ശിക്ഷണത്തില്‍ വന്ന കുട്ടികളും ലതിക ഉണ്ണിയുടെ ശിക്ഷണത്തില്‍ വന്ന കുട്ടികളും മത്സരബുദ്ധിയോടെ ഒന്നിനൊന്നു മെച്ചമായി നൃത്തനൃത്യങ്ങള്‍ അവതരിപ്പിച്ചു കാണികളുടെ പ്രശംസ പിടിച്ചുപറ്റി. സുപ്രസിദ്ധ ഗായകരായ ശബരി നാഥ് നായര്‍, രവി നായര്‍, അജിത് നായര്‍, വേദ നായര്‍, രാജേഷ് കല്ലിങ്കല്‍, പ്രേം കൃഷ്ണന്‍ എന്നിവരോടൊപ്പം പുതിയ തലമുറയിലെ ഗായകരായ ഹിമ നായര്‍, ക്രിഷിവ് അഖില്‍, അക്ഷിത എന്നിവരും മനോഹരങ്ങളായ ഗാനങ്ങള്‍ ആലപിച്ചു.

വൈസ് പ്രസിഡന്റ് ബാബു മേനോന്‍ നന്ദി പ്രഭാഷണം നടത്തി. അസോസിയേഷന്‍ നടത്തിയ റാഫിള്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി പത്മകുമാറും ഡോ. ഗീതാ മേനോന്‍ സ്‌പോണ്‍സര്‍ ചെയ്ത 55” ടിവി കെ.ജി. സഹൃദയനും, രണ്ടാം സമ്മാനമായി ഡോ. മധു ഭാസ്‌കരന്‍ സ്‌പോണ്‍സര്‍ ചെയ്ത ഐപാഡ് ശോഭ കറുവക്കാട്ടിനും, മൂന്നാം സമ്മാനമായ ഗോപിനാഥ് കുന്നത്ത് സ്‌പോണ്‍സര്‍ ചെയ്ത സിറ്റിസണ്‍ വാച്ച് ന്യൂജേഴ്‌സിയില്‍ നിന്നുള്ള നയന നായര്‍ക്കും ലഭിച്ചു.

പിക്‌നിക്കില്‍ നടന്ന കായിക മത്സരങ്ങളില്‍ പങ്കെടുത്തു വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങളും വേദിയില്‍ വച്ച് നല്‍കി. ദേശീയ ഗാനാലാപനത്തോടെ പരിപാടി സമാപിച്ചു.

More Stories from this section

family-dental
witywide