കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് അനുവാദമില്ലാതെ തുറന്നു പരിശോധിച്ചത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. മെമ്മറി കാര്‍ഡ് അനധികൃത പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടോ എന്ന അന്വേഷണം വസ്തുതാപരമല്ലെന്ന് ചൂണ്ടിക്കാട്ടി അതീജീവിത നല്‍കിയ ഉപഹര്‍ജിയിലാണ് ജസ്റ്റിസ് സി.എസ്.ഡയസിന്റെ വിധി. എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ഹൈക്കോടതി മേല്‍നോട്ടത്തില്‍ പുനരന്വേഷണം വേണമെന്നുമായിരുന്നു ആവശ്യം. വിചാരണക്കോടതിയുടേതടക്കം മൂന്നു കോടതികളുടെ പരിഗണനയില്‍ ഇരിക്കേ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചെന്നായിരുന്നു ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ അന്വേഷണ റിപ്പോര്‍ട്ട്.
ഐജി റാങ്കില്‍ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. മെമ്മറി കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്ന അതിജീവിതയുടെ പരാതിയില്‍ നേരത്തെ ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന്, മൂന്നു തവണ മെമ്മറി കാര്‍ഡ് പരിശോധിച്ചിട്ടുണ്ടന്നും ഇതിന്റെ ഹാഷ് വാല്യൂ മാറിയിട്ടുണ്ടെന്നുമുള്ള റിപ്പോര്‍ട്ട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കോടതിയില്‍ സമര്‍പ്പിച്ചു.
എന്നാല്‍ തന്നെപ്പോലും ബന്ധപ്പെടാതെയാണ് അന്വേഷണം നടത്തിയിട്ടുള്ളതെന്നും വസ്തുതാപരമായി പരിഗണിക്കേണ്ട പല കാര്യങ്ങളും അന്വേഷിച്ചില്ലെന്നും ഹര്‍ജിയില്‍ അതിജീവിത കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.