
ന്യൂഡൽഹി: ഇന്ത്യയിൽ ദീർഘകാല താമസം ആഗ്രഹിക്കുന്ന വിദേശികൾക്ക് പുതിയ കർശന നിർദ്ദേശങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പുതുക്കിയ ‘ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് റൂൾസ്, 2025’ ഭേദഗതി പ്രകാരം, രാജ്യത്ത് 180 ദിവസത്തിൽ കൂടുതൽ തുടരാൻ ആഗ്രഹിക്കുന്ന വിദേശികൾ അവരുടെ അനുവദിക്കപ്പെട്ട താമസ കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ നിർബന്ധമായും രജിസ്ട്രേഷൻ പൂർത്തിയാക്കണം.
മുൻപ് വിസ കാലാവധി കഴിഞ്ഞ് 14 ദിവസത്തിനകം രജിസ്റ്റർ ചെയ്താൽ മതിയായിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം 180 ദിവസത്തെ പരിധി തീരുന്നതിന് മുൻപ് തന്നെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണം. വളരെ അടിയന്തിരവും അവിചാരിതവുമായ സാഹചര്യങ്ങളിൽ മാത്രമേ ഇനി കാലാവധിക്ക് ശേഷമുള്ള രജിസ്ട്രേഷൻ അനുവദിക്കൂ. ‘ഒരു തവണത്തെ താമസം 180 ദിവസത്തിൽ കൂടരുത്’ എന്ന നിബന്ധനയുള്ള മൾട്ടിപ്പിൾ എൻട്രി വിസക്കാർക്കും ഈ നിയമം ബാധകമാണ്.
വിദേശികൾക്ക് കേന്ദ്ര സർക്കാരിൻ്റെ ഔദ്യോഗിക ‘ഇ-എഫ്.ആർ.ആർ.ഒ’ പോർട്ടൽ വഴി ഓൺലൈനായി ഈ നടപടികൾ പൂർത്തിയാക്കാം. കൃത്യസമയത്ത് രജിസ്റ്റർ ചെയ്യാത്തവർക്കെതിരെ വലിയ തുക പിഴ ഈടാക്കുമെന്നും കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
New directive for foreigners staying in India for long periods; Registration mandatory before visa expires















