
ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസനത്തില്‍ അമേരിക്കയുടെ നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലുള്‍പ്പെട്ട ഇടവകകളുടെ സംയുക്താഭിമുഖ്യത്തില്‍ (മാര്‍ത്തോമ്മ നോര്‍ത്ത് ഈസ്റ്റ് റീജിയണല്‍ ആക്റ്റിവിറ്റി കമ്മിറ്റി) ജൂണ്‍ 28, 29, 30 തീയതികളില്‍ സംഘടിപ്പിച്ച ത്രിദിന റീജിയണല്‍ കണ്‍വെന്‍ഷന്‍ സമാപിച്ചു.

28ന് എപ്പിഫനി മാര്‍ത്തോമ്മാ പള്ളിയില്‍ (ഓസോണ്‍ പാര്‍ക്ക്) നടന്ന പ്രഥമ ദിന കണ്‍വെന്‍ഷന്‍ യോഗത്തിന്റെ ഉത്ഘാടനം ഭദ്രാസനാധിപന്‍ അഭിവന്ദ്യ. ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ നിര്‍വ്വഹിച്ചു. 29 ന് ബഥനി മാര്‍ത്തോമ്മാ പള്ളിയിലും (ഓറഞ്ച് ബര്‍ഗ്), 30 ഞായറാഴ്ച ലോങ്ങ് ഐലന്‍ഡ് മാര്‍ത്തോമ്മാ പള്ളിയിലും (മെറിക്ക്) വച്ചാണ് കണ്‍വെന്‍ഷന്‍ നടത്തപ്പെട്ടത്.

മാര്‍ത്തോമ്മാ സഭയിലെ വികാരി ജനറല്‍ റവ. കെ. വൈ. ജേക്കബ് മൂന്ന് ദിവസങ്ങളിലും നടന്ന കണ്‍വെന്‍ഷനുകളില്‍ മുഖ്യ പ്രാസംഗികനായിരുന്നു.

കണ്‍വെന്‍ഷന്റെ സമാപനദിവസമായ ജൂണ്‍ 30 ഞായറാഴ്ച്ച ഈ മേഖലയിലെ എല്ലാ ഇടവകകളും ചേര്‍ന്നുള്ള വിശുദ്ധ കുര്‍ബാന ലോങ്ങ് ഐലന്‍ഡ് മാര്‍ത്തോമ്മാ പള്ളിയില്‍ വെച്ച് ഭദ്രാസന എപ്പിസ്‌കോപ്പയുടെ മുഖ്യ കാര്‍മീകത്വത്തില്‍ നടത്തപ്പെട്ടു.

വിവിധ ഇടവകകളില്‍ നിന്നുമുള്ള നാല്‍പതംഗ ഗായകസംഘം ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നല്‍കി. റവ. വി.റ്റി. തോമസ് (വൈസ് പ്രസിഡന്റ്) തോമസ് ജേക്കബ് (സെക്രട്ടറി) കുര്യന്‍ തോമസ് (ട്രഷറര്‍) ബെജി ടി. ജോസഫ് (അക്കൗണ്ടന്റ്) റവ. ജോര്‍ജ് ഏബ്രഹാം (ഭദ്രാസന സെക്രട്ടറി) ജോര്‍ജ് പി. ബാബു (ഭദ്രാസന ട്രഷറര്‍), റവ. ക്രിസ്റ്റഫര്‍ ഫില്‍ ഡാനിയേല്‍, ചെറിയാന്‍ വര്‍ഗീസ്, ഡോ. ജോണ്‍ കെ. തോമസ്, റോയ് സി. തോമസ്, കോരുത് മാത്യു, ഷേര്‍ളി തോമസ്, തങ്കം വി. ജോര്‍ജ് എന്നിവരടങ്ങിയ വിവിധ സബ് കമ്മിറ്റികള്‍ കണ്‍വെന്‍ഷന്റെ അനുഗ്രഹപ്രദമായ നടത്തിപ്പിന് നേതൃത്വം നല്‍കി.

(വാര്‍ത്ത: പി.പി ചെറിയാന്‍)












