
ദില്ലി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പോളണ്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണം. പോളണ്ടിന്‍റെ തലസ്ഥാനത്ത് പറന്നിറങ്ങിയ മോദിയെ വാഴ്സോയിലെ സൈനിക വിമാനത്താവളത്തിൽ പോളിഷ് സേന ഗാർഡ് ഓഫ് ഓണർ നൽകിയാണ് സ്വീകരിച്ചത്. പോളണ്ടിലെ മലയാളിയായ ഇന്ത്യൻ അംബാസഡർ നഗ്മ മല്ലിക്കടക്കമുള്ളവർ പ്രധാനമന്ത്രിയെ സ്വീകരിച്ചു. 45 വർഷങ്ങൾക്കു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിലെത്തിയത്.
പോളിഷ് പ്രധാനമന്ത്രി ഡോണൾഡ് ടസ്കുമായി മോദിയുടെ കൂടിക്കാഴ്ച നാളെയാകും നടക്കുക. ഇന്ത്യൻ സമൂഹം നൽകുന്ന സ്വീകരണത്തിലും നാളെ മോദി പങ്കെടുക്കും. ശേഷം വൈകിട്ട് മോദി പോളണ്ടിൽ നിന്ന് ട്രെയിനിൽ യുക്രെയിനിലേക്ക് പോകും. പോളണ്ടിലെ അതിർത്തി നഗരമായ ഷെംഷോയിൽ നിന്ന് പത്തു മണിക്കൂർ ട്രെയിൻ യാത്ര നടത്തിയാവും മോദി കീവിൽ എത്തുക.
നയതന്ത്ര ബന്ധം ആരംഭിച്ച് 30 വര്‍ഷമാകുമ്പോളാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രെയിൻ സന്ദര്‍ശിക്കുന്നത്. റഷ്യ – യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ നിർദ്ദേശം യുക്രെയിൻ പ്രസിഡൻറ് വ്ളാദിമിർ സെലൻസ്കിയുമായി ചർച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്. മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ കഴിയും എന്നാണ് ഇന്ത്യയുടെ പ്രതീക്ഷയെന്നും മോദി വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച ഏഴു മണിക്കൂർ യുക്രെയിൻ തലസ്ഥാനമായ കീവിലുണ്ടാകുന്ന മോദി ഇന്ത്യൻ വിദ്യാർത്ഥികളുമായും സംവദിക്കും.









