വാഷിങ്ടൺ: അതിഗംഭീര വെടിക്കെട്ടും സൈനിക വിമാനങ്ങളുടെ വ്യോമപ്രകടനവും സംഗീതപരിപാടികളും നിറഞ്ഞ ആഘോഷങ്ങളോടെ അമേരിക്ക 250-ാം സ്വാതന്ത്ര്യ വാർഷികം ആഘോഷിച്ചു. അതിശക്തമായ ഉഷ്ണതരംഗവും ഇടിമിന്നലോടുകൂടിയ മഴയും ആഘോഷങ്ങൾക്ക് വെല്ലുവിളിയായെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ പരിപാടികളാണ് നടന്നത്.
വാഷിങ്ടണിലെ നാഷണൽ മാളിൽ നടന്ന ‘ഫ്രീഡം 250’ പരിപാടിയിൽ സംസാരിച്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, “അമേരിക്കൻ സ്വപ്നം തിരിച്ചെത്തിയിരിക്കുകയാണ്” എന്ന് പ്രഖ്യാപിച്ചു. തുടർന്ന് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് പ്രദർശനങ്ങളിലൊന്നാണ് തലസ്ഥാന നഗരിയിൽ അരങ്ങേറിയത്.
1776 ജൂലൈ 4-ന് ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച രേഖയിൽ 13 കോളനികൾ ഒപ്പുവെച്ചതിന്റെ 250-ാം വാർഷികമാണ് അമേരിക്ക ആഘോഷിച്ചത്. അതേസമയം, ദേശീയ ആഘോഷങ്ങളെ രാഷ്ട്രീയവത്കരിച്ചെന്ന വിമർശനവും ട്രംപിനെതിരെ ശക്തമായി ഉയർന്നു. കോൺഗ്രസ് രൂപീകരിച്ച ഔദ്യോഗിക ‘അമേരിക്ക 250’ ആഘോഷങ്ങളിൽ നിന്ന് വേറിട്ടാണ് ട്രംപ് ‘ഫ്രീഡം 250’ പരിപാടികൾ സംഘടിപ്പിച്ചത്.
പ്രസംഗത്തിൽ കമ്മ്യൂണിസത്തിനെതിരായ വിമർശനവും ആയുധം കൈവശം വയ്ക്കാനുള്ള ഭരണഘടനാപരമായ അവകാശവും താൻ പിന്തുണയ്ക്കുന്ന ‘സേവ് അമേരിക്ക ആക്ട്’ നിയമനിർമാണവും ട്രംപ് വീണ്ടും ഉയർത്തിക്കാട്ടി. സ്വാതന്ത്ര്യത്തിന്റെ ആശയം എന്നും നിലനിൽക്കട്ടെ. അമേരിക്ക എപ്പോഴും ലോകത്ത് മുന്നിലായിരിക്കും. നമ്മുടെ രാജ്യം ഒരിക്കലും വീഴാൻ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. ഇത് അമേരിക്കയുടെ സുവർണകാലത്തിന്റെ തുടക്കം മാത്രമാണ്. നമ്മുടെ വിധി ദൈവം എഴുതിയതാണ് എന്ന വാക്കുകളോടെയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
അർധരാത്രിയോടെയാണ് വെടിക്കെട്ടിന്റെ സമാപനഘട്ടം നടന്നത്. ഒന്നിന് പിന്നാലെ ഒന്നായി ആകാശം പ്രകാശിപ്പിച്ച വെടിക്കെട്ടിന് ശേഷം ക്യാപിറ്റോൾ ഹില്ലിൽ എത്തിയിരുന്ന ജനക്കൂട്ടം കൈയടികളോടെയാണ് പരിപാടി അവസാനിപ്പിച്ചത്. ഇടിമിന്നലോടുകൂടിയ മഴയെ തുടർന്ന് വൈകുന്നേരം നാഷണൽ മാൾ ഒഴിപ്പിച്ചതിനാൽ പരിപാടികൾ മണിക്കൂറുകളോളം വൈകി. ‘സല്യൂട്ട് ടു അമേരിക്ക’, ‘ഗ്രേറ്റ് അമേരിക്കൻ സ്റ്റേറ്റ് ഫെയർ’, ഫിഫ ഫാൻ സോൺ എന്നിവയിൽ എത്തിയവരോട് സമീപത്തെ കെട്ടിടങ്ങളിൽ അഭയം തേടാൻ സംഘാടകർ നിർദേശം നൽകിയിരുന്നു.
അന്നേദിവസം വാഷിങ്ടണിൽ താപനില 37 ഡിഗ്രി സെൽഷ്യസിലെത്തിയിരുന്നു. കിഴക്കൻ അമേരിക്കയെ ബാധിച്ച അതിശക്തമായ ഉഷ്ണതരംഗത്തിന്റെ ഭാഗമായിരുന്നു ഇത്. ഇതിനിടെ, വെള്ള വർഗ മേൽക്കോയ്മ വാദികളായ ‘പാട്രിയറ്റ് ഫ്രണ്ട്’ സംഘടനയിലെ നൂറുകണക്കിന് അംഗങ്ങൾ അമേരിക്കൻ പതാകയേന്തി വാഷിങ്ടൺ തെരുവുകളിലൂടെ മാർച്ച് നടത്തി. മുഖംമൂടിയും ഒരേ തരത്തിലുള്ള വേഷവും ധരിച്ച സംഘം ക്യാപിറ്റോൾ കെട്ടിടത്തിനും യൂണിയൻ സ്റ്റേഷനും സമീപം പ്രകടനം നടത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും ടെലഗ്രാം ചാനലുകളിലും പ്രചരിച്ചു.
US marks its 250th birthday with fireworks, flyovers and extreme weather










