ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റ് തിരുത്തിയാൽ പാർട്ടിയിലേക്ക് മടങ്ങിവരുന്നതിൽ തടസ്സമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ. കണ്ണൂർ വിഷന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാർട്ടിയെ പരസ്യമായി വെല്ലുവിളിച്ച് പുറത്തുപോയ എം വി രാഘവനെ വരെ അവസാന കാലത്ത് സ്വീകരിച്ച ചരിത്രമുണ്ടെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, നയപരമായ തെറ്റുകൾ പറ്റിയെന്ന് കരുതി ആരെയും ഒറ്റപ്പെടുത്തി മുന്നോട്ട് പോകില്ലെന്നും വ്യക്തമാക്കി. നിലപാട് തിരുത്തിയാൽ ഇവരെ പാർട്ടിയിലേക്ക് തിരികെ കൊണ്ടുവരുന്നതിനെ എതിർക്കില്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
എന്നാൽ, താൻ ചെയ്ത തെറ്റ് എന്താണെന്ന് എം വി ജയരാജൻ വ്യക്തമാക്കട്ടെയെന്നും എങ്കിൽ മാത്രമേ അതിന് മറുപടി നൽകാൻ സാധിക്കൂ എന്നും വി കുഞ്ഞികൃഷ്ണൻ തിരിച്ചടിച്ചു. താൻ ഉന്നയിച്ച കാര്യങ്ങൾ പാർട്ടി തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, ടി കെ ഗോവിന്ദനെ വീട്ടിൽ സ്വീകരിച്ച കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്കെതിരെ ജയരാജൻ വിമർശനം ഉന്നയിച്ചു. ഒരാൾ വീട്ടിൽ വന്നാൽ ഇറക്കിവിടാൻ കഴിയില്ലെന്നത് ശരിയാണെങ്കിലും, വീട്ടിലേക്ക് സ്വീകരിച്ച് ആനയിച്ചത് ശരിയായ നടപടിയല്ലെന്നാണ് ജയരാജൻ വിമർശിച്ചത്.
കണ്ണൂരിലെ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവികളെക്കുറിച്ചും ജയരാജൻ അഭിമുഖത്തിൽ പരാമർശിച്ചു. പയ്യന്നൂരിലും തളിപ്പറമ്പിലും പാർട്ടിക്ക് നേരിട്ട തോൽവിക്ക് കാരണം സ്ഥാനാർത്ഥി നിർണയത്തിലെ പോരായ്മയാണെന്ന് അദ്ദേഹം തുറന്നുസമ്മതിച്ചു. പയ്യന്നൂരിൽ മറ്റൊരാളെയാണ് സ്ഥാനാർത്ഥിയാക്കിയിരുന്നതെങ്കിൽ പാർട്ടിക്ക് വിജയിക്കാമായിരുന്നു. എന്നാൽ തളിപ്പറമ്പിലെ സാഹചര്യം വ്യത്യസ്തമാണ്. മണ്ഡല പുനർനിർണയത്തിന് ശേഷം തളിപ്പറമ്പിൽ യുഡിഎഫിനാണ് മേൽക്കൈ ഉള്ളതെന്നും എം വി ജയരാജൻ ചൂണ്ടിക്കാട്ടി.
MV Jayarajan says TK Govindan and V Kunhikrishnan can return to CPI(M) if they correct mistakes; Kunhikrishnan responds









