ടെഹ്റാൻ: അന്തരിച്ച ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങിനിടെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ വധിക്കണമെന്ന് വേദിയിൽ നിന്ന് പരസ്യമായി ആഹ്വാനം. പ്രസംഗകന്റെ പരാമർശത്തിന് ചടങ്ങിൽ പങ്കെടുത്ത ലക്ഷക്കണക്കിന് അനുയായികൾ മുദ്രാവാക്യങ്ങളുമായി പിന്തുണ പ്രഖ്യാപിച്ചതായി അസോസിയേറ്റഡ് പ്രസ്സ് (AP) റിപ്പോർട്ട് ചെയ്തു.
ഖമനേയിയുടെ സംസ്കാരച്ചടങ്ങിൽ വേദിയിൽ നിന്ന് അവതാരകൻ ട്രംപിന്റെ മരണത്തിനായി പരസ്യമായി ആഹ്വാനം ചെയ്യുന്നത് ഇതാദ്യമായാണ്. ചടങ്ങിൽ പങ്കെടുത്ത വൻ ജനക്കൂട്ടം ഈ പരാമർശത്തെ ആർപ്പുവിളികളോടെയാണ് സ്വീകരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് 86കാരനായ ഖമനേയി കൊല്ലപ്പെട്ടത്. അതിന് പിന്നാലെയാണ് ഇറാൻ യുദ്ധം ആരംഭിച്ചത്. ഇറാനും അമേരിക്കയും തമ്മിൽ സ്ഥിരമായ സമാധാന കരാറിനായുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഈ സംഭവം.
സംസ്കാരച്ചടങ്ങിൽ ഉച്ചഭാഷിണിയിലൂടെ സംസാരിച്ച കവി മുഹമ്മദ് റസൂലി, അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ മുദ്രാവാക്യങ്ങൾ മുഴക്കാൻ ജനക്കൂട്ടത്തോട് ആഹ്വാനം ചെയ്തു. “അമേരിക്കയ്ക്ക് മരണം”, “ഇസ്രയേലിന് മരണം” എന്നീ മുദ്രാവാക്യങ്ങൾക്ക് ശേഷം ട്രംപിനെ പരാമർശിച്ച റസൂലി, “ലോകത്തിലെ ഏറ്റവും നികൃഷ്ടനായ ആ മനുഷ്യൻ ഇപ്പോഴും ജീവനോടെ തുടരുന്നത് എന്തുകൊണ്ടാണ്?” എന്ന് ചോദിച്ചതായും അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്തു.
Call for Trump’s death echoes from Khamenei’s funeral stage: ‘Our duty to kill him’









