‘ഇന്ദിരാഗാന്ധിയുടെ സ്വര്‍ണം രാജ്യത്തിന് നല്‍കി, സോണിയാ ഗാന്ധിയുടെ താലി ഈ രാജ്യത്തിന് വേണ്ടി ബലിയര്‍പ്പിക്കപ്പെട്ടു…’ മോദിക്ക് ചുട്ടമറുപടിയുമായി പ്രിയങ്ക

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്വത്ത് കൊള്ളയടിച്ച് മുസ്ലീങ്ങള്‍ക്കുകൊടുക്കുമെന്ന വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചുട്ട മറുപടിയുമായി പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സ്ത്രീകളുടെ താലിമാല വരെ തട്ടിയെടുക്കുമെന്ന മോദിയുടെ പരാമര്‍ശത്തെ മുത്തശ്ശി ഇന്ദിരാ ഗാന്ധിയെയും അമ്മ സോണിയാഗാന്ധിയേയും ഉദാഹരണമാക്കിയാണ് പ്രിയങ്ക നിര്‍വ്വീര്യമാക്കിയത്.

50 വര്‍ഷം ഭരിച്ചത് കോണ്‍ഗ്രസാണ്, നിങ്ങളുടെ സ്വര്‍ണമോ മംഗളസൂത്രമോ (താലി) ആരെങ്കിലും തട്ടിയെടുത്തോ? എന്ന് ചോദിച്ച പ്രിയങ്ക, യുദ്ധം നടക്കുമ്പോള്‍ ഇന്ദിരാഗാന്ധി അവരുടെ സ്വര്‍ണം രാജ്യത്തിന് നല്‍കിയെന്നും എന്റെ അമ്മയുടെ മംഗളസൂത്രം ഈ രാജ്യത്തിന് വേണ്ടി ബലിയര്‍പ്പിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി.

ഇന്നലെ ബംഗളൂരുവില്‍ സംസാരിക്കവെയാണ് മോദിക്ക് മറുപടിയുമായി പ്രിയങ്ക എത്തിയത്. ഈ ദിവസങ്ങളില്‍ ടെലിവിഷന്‍ ഓണാക്കുമ്പോള്‍ എന്താണ് കേട്ടതെന്ന് സദസ്സിനോട് ചോദിച്ച പ്രിയങ്ക, അവരുടെ ക്ഷേമത്തിനോ വികസനത്തിനോ വേണ്ടിയുള്ള പദ്ധതികളല്ല, മറിച്ച് ‘ഭ്രാന്തന്‍ സംസാരമാണെന്നും മോദിയുടെ പരാമര്‍ശത്തെക്കുറിച്ച് വ്യക്തമാക്കി.

‘നിങ്ങളുടെ സ്വര്‍ണ്ണം, നിങ്ങളുടെ മംഗളസൂത്രം എടുത്തുകളയാന്‍ കോണ്‍ഗ്രസിന് താല്‍പ്പര്യമുണ്ടെന്ന് അദ്ദേഹം പറയുന്നു. രാജ്യം സ്വതന്ത്രമായി 70 വര്‍ഷമായി. 55 വര്‍ഷം കോണ്‍ഗ്രസ് ഭരിച്ചു. ആരെങ്കിലും നിങ്ങളുടെ സ്വര്‍ണ്ണമോ മംഗളസൂത്രമോ അപഹരിച്ചോ? മംഗളസൂത്രത്തിന്റെ പ്രാധാന്യം പ്രധാനമന്ത്രി മനസ്സിലാക്കുന്നുണ്ടോയെന്ന് പ്രിയങ്ക ചോദിച്ചു. ‘മംഗളസൂത്ര’ത്തിന്റെ പ്രാധാന്യം മോദിജിക്ക് മനസ്സിലായിരുന്നെങ്കില്‍ അദ്ദേഹം ഇത്തരം കാര്യങ്ങള്‍ പറയില്ലായിരുന്നു. നോട്ട് നിരോധനം വന്നപ്പോള്‍ സ്ത്രീകളുടെ സമ്പാദ്യം അദ്ദേഹം അപഹരിച്ചു. കര്‍ഷക സമരത്തിനിടെ 600 കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, ആ വിധവകളുടെ മംഗളസൂത്രത്തെക്കുറിച്ച് മോദി ചിന്തിച്ചിട്ടുണ്ടോ?- പ്രിയങ്ക ചോദിച്ചു.

‘നുഴഞ്ഞുകയറ്റക്കാര്‍ക്ക്’ അനുകൂലമായി രാജ്യത്തിന്റെ സമ്പത്ത് പുനര്‍വിതരണം ചെയ്യാന്‍ കോണ്‍ഗ്രസ് പദ്ധതിയിടുന്നുവെന്ന പ്രധാനമന്ത്രി മോദിയുടെ പരാമര്‍ശം വലിയ രാഷ്ട്രീയ കോലാഹലം സൃഷ്ടിക്കുകയും പരാതി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ വരെ എത്തുകയും ചെയ്തു.

അധികാരത്തിലെത്തിയാല്‍ എല്ലാവരുടെയും സ്വത്ത് അളന്ന് തിട്ടപ്പെടുത്തി അമ്മമാരുടെയും സഹോദരിമാരുടെയും സ്വര്‍ണം മുസ്ലീംങ്ങള്‍ക്ക് പുനര്‍ വിതരണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നതെന്ന് രാജസ്ഥാനിലെ ഒരു റാലിയില്‍ പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. അവര്‍ നിങ്ങളുടെ മംഗളസൂത്രം പോലും ഒഴിവാക്കില്ലെന്നും മോദി വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. ഇതാണ് ചൂടുപിടിച്ച വിവാദമായി മാറിയത്.

Also Read

More Stories from this section

family-dental
witywide