
അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി ഭക്തർ നൽകിയ സംഭാവനകളിൽ വൻ ക്രമക്കേട് നടന്ന സംഭവത്തിൽ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സംഭാവന മോഷണം പോയതിന് പിന്നിൽ സാധാരണക്കാരായ ക്ഷേത്ര ജീവനക്കാർ മാത്രമല്ലെന്നും അവർക്ക് പിന്നിൽ ‘വൻ സ്രാവുകൾ’ ഉണ്ടെന്നും പ്രിയങ്ക ആരോപിച്ചു. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. സത്യത്തിനും നീതിക്കും വേണ്ടി നിലകൊണ്ട ശ്രീരാമന്റെയും അദ്ദേഹത്തിന്റെ കോടിക്കണക്കിന് ഭക്തരുടെയും വിശ്വാസത്തെ വഞ്ചിക്കുന്ന തട്ടിപ്പ് ഞെട്ടിക്കുന്നതാണെന്ന് പ്രിയങ്ക ഗാന്ധി തന്റെ സോഷ്യൽ മീഡിയാ കുറിപ്പിൽ വ്യക്തമാക്കി.
ഭക്തരുടെ വൈകാരികവും മതപരവുമായ വിശ്വാസങ്ങളെ ചോദ്യംചെയ്യുന്ന മോഷണമാണ് നടന്നിരിക്കുന്നതെന്നും പണം നൽകിയ ഭക്തരോടുള്ള ഉത്തരവാദിത്വം ട്രസ്റ്റ് നിറവേറ്റണമെന്നും അവർ ആവശ്യപ്പെട്ടു. ഇതേ വിഷയത്തിൽ ബിജെപിയും ആർഎസ്എസും ഉത്തരം പറയണമെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേരയും ആവശ്യപ്പെട്ടു. രാമക്ഷേത്ര പ്രോജക്റ്റ് അതിന്റെ തുടക്കം മുതൽ ആർഎസ്എസിന്റെ മേൽനോട്ടത്തിലും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുമായിരുന്നുവെന്ന് ഖേര ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുമായി അടുത്ത ബന്ധമുള്ള നൃപേന്ദ്ര മിശ്ര, മുൻ ആർഎസ്എസ് പ്രചാരകനായ ചമ്പത് റായ് തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് ഇതിനായുള്ള ട്രസ്റ്റ് രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രത്തിനുള്ളിലെ ഉദ്യോഗസ്ഥനായ മഹിപാൽ സിങ് മുൻപ് മോഷണവിവരം റിപ്പോർട്ട് ചെയ്തിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം അദ്ദേഹത്തെ പുറത്താക്കുകയാണ് ചെയ്തതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. അഴിമതിക്കാർ തങ്ങളുടെ കുറ്റങ്ങൾ മറയ്ക്കാനുള്ള കവചമായി വിശ്വാസത്തെ ഉപയോഗിക്കുകയാണെന്നും ഈ അഴിമതിപ്പണം ഡൽഹിയിലേക്കും നാഗ്പൂരിലേക്കും എത്തുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്നും പവൻ ഖേര ആവശ്യപ്പെട്ടു. അഴിമതി ആരോപണങ്ങളെത്തുടർന്ന് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റി അനിൽ മിശ്ര എന്നിവർ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെച്ചിരുന്നു. ഉത്തർപ്രദേശ് സർക്കാരിന്റെ നിർദേശപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ ഇതുവരെ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Priyanka Gandhi demands probe into Ayodhya Ram Temple donation scam, alleges involvement of ‘big fish’














