”രാഹുല്‍ ഗാന്ധിയുടെ ഏറ്റവും പ്രതിസന്ധിഘട്ടത്തില്‍ അദ്ദേഹത്തെ ചേര്‍ത്തു പിടിച്ചത് വയനാട്ടിലെ ജനങ്ങളാണ്”- വണ്ടൂരില്‍ പ്രിയങ്കരിയായി പ്രിയങ്ക

വണ്ടൂര്‍: വയനാട് എം.പി പ്രിയങ്ക ഗാന്ധിക്ക് സ്‌നേഹോഷ്മളമായ സ്വീകരണം നല്‍കി വണ്ടൂര്‍. തങ്ങളുടെ എം.പിയെ കാണാനും അഭിവാദ്യം ചെയ്യാനും ആയിരക്കണക്കിന് ആളുകളാണ് വണ്ടൂരിലെത്തിയത്. വയനാട് ദുരന്തത്തെ ജനങ്ങള്‍ അതിജീവിച്ചത് കരുത്തും പ്രതീക്ഷയും കൈമുതലാക്കിയാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

വയനാട് ജില്ലയിലെ ചെറിയ പ്രദേശത്ത് മാത്രമാണ് ഉരുള്‍പൊട്ടല്‍ ബാധിച്ചതെന്ന് ലോകം അറിയണം. വയനാട്ടിലെ വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്തണം. വയനാട് മണ്ഡലത്തിലെ ജനങ്ങളുടെ ഓരോ പ്രശ്‌നങ്ങളെ കുറിച്ചും അവരില്‍ നിന്നും ആഴത്തില്‍ നേരിട്ട് മനസിലാക്കണം.

രാത്രി യാത്ര നിരോധനം, വന്യജീവി ആക്രമണം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്യും. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ മഹത്തായ പാരമ്പര്യമുള്ള മണ്ണാണിത്. തെരഞ്ഞെടുപ്പ് പ്രക്രിയയെ പോലും സംശയത്തിന്റെ നിഴലില്‍ ആക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും തുല്യ അവകാശങ്ങള്‍ വിഭാവനം ചെയ്യുന്നതിനും വേണ്ടിയാണ് കോണ്‍ഗ്രസ് പോരാടുന്നത്. വയനാട്ടിലെ ജനങ്ങള്‍ നല്‍കിയ സ്‌നേഹം വിവരണാതീതമാണ്.

രാഹുല്‍ ഗാന്ധിയുടെ ഏറ്റവും പ്രതിസന്ധിഘട്ടത്തില്‍ അദ്ദേഹത്തെ ചേര്‍ത്തു പിടിച്ചത് വയനാട്ടിലെ ജനങ്ങളാണ്. വയനാട്ടിലെ ജനങ്ങളെ വളരെയേറെ സ്‌നേഹിക്കുന്നുവെന്നും ജനങ്ങള്‍ക്ക് വേണ്ടി കഠിനമായി പോരാടുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ.പി. അനില്‍ കുമാര്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ്, യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ കുഞ്ഞാപ്പു ഹാജി, കെ.സി. കുഞ്ഞഹമ്മദ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആലിപ്പറ്റ ജമീല, കെ.പി.സി.സി അംഗം കെ.ടി അജ്മല്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി എന്‍.എ മുബാറഖ് സംസാരിച്ചു.

More Stories from this section

family-dental
witywide