ബഫല്ലോയിലെ വംശീയ കൂട്ട വെടിവയ്പ്പ്: കൊലയാളിയായ 20കാരന് വധശിക്ഷ

ന്യൂ യോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബഫലോയില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ആക്രമണത്തിനിടെ 10 കറുത്തവര്‍ഗ്ഗക്കാരെ കൊലപ്പെടുത്തിയ വെള്ളക്കാരനായ പെറ്റണ്‍ ജെന്‍ഡ്രനെതിരെ അമേരിക്കയിലെ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ വധശിക്ഷാ വിധിക്ക് ശ്രമിക്കുന്നു.

2022-ല്‍ ബഫലോയില്‍ നടന്ന ആക്രമണത്തില്‍ കൊലപാതകം, വിദ്വേഷം പ്രേരിപ്പിച്ച ഗാര്‍ഹിക ഭീകരത എന്നീ കുറ്റങ്ങള്‍ സമ്മതിച്ചതിന് ശേഷം, 20 കാരനായ ജെന്‍ഡ്രോണ്‍, പരോളിന് സാധ്യതയില്ലാത്ത ജയിലില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്.

വംശീയ വിദ്വേഷമാണ് പ്രതിയെ കൂട്ടക്കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന വിലയിരുത്തലിലാണ് പൊലീസ്. കൊല്ലപ്പെട്ടവരില്‍ അധികവും കറുത്ത വര്‍ഗക്കാരായിരുന്നു. മാത്രമല്ല, പ്രതി സംഭവത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് സ്ഥലത്ത് പലതവണ സന്ദര്‍ശനം നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതിന്റെ തെളിവായും ഇതിനെ പൊലീസ് കാണുന്നു.

മെയ് 14ന് നടന്ന വെടിവെപ്പില്‍ 13 പേര്‍ക്കാണ് വെടിയേറ്റത്. ഇവരില്‍ 10 പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ രക്ഷപ്പെട്ടു. വീഡിയോ ക്യാമറ ഘടിപ്പിച്ച ഹെല്‍മറ്റ് ധരിച്ച ജെന്‍ഡ്രോണ്‍ രണ്ട് മിനിറ്റ് ആക്രമണം ലൈവ് സ്ട്രീം ചെയ്തു.

കൂട്ടക്കൊലയ്ക്ക് ദിവസങ്ങള്‍ക്ക് ശേഷം ടെക്‌സസിലെ ഉവാള്‍ഡിലെ ഒരു പ്രൈമറി സ്‌കൂളിലും കൂട്ട വെടിവയ്പ്പ് ഉണ്ടായി. വിദ്യാര്‍ഥികളും അധ്യാപകരും അടക്കം 21 പേരാണ് മരിച്ചത്. അമേരിക്കയില്‍ തോക്ക് അതിക്രമങ്ങള്‍ തുടര്‍ച്ചയായതോടെ തോക്ക് നിയമം കര്‍ശനമാക്കണമെന്ന ആവശ്യവുമായി ജനം തെരുവിലിറങ്ങിയ കാഴ്ച്ചയും രാജ്യ തലസ്ഥാനം കണ്ടു.