
വാഷിംഗ്ടൺ: ഐടി പ്രൊഫഷണലുകൾ ഉൾപ്പെടെയുള്ള വിദേശ ജീവനക്കാർക്ക് അമേരിക്ക നൽകി വരുന്ന എച്ച്-1ബി വിസയുമായി ബന്ധപ്പെട്ട് നിർണായക പ്രഖ്യാപനവുമായി യുഎസ് ഇമിഗ്രേഷൻ വിഭാഗം. 2027 സാമ്പത്തിക വർഷത്തേക്കുള്ള എച്ച്-1ബി വിസകൾക്ക് ഇനി രണ്ടാമതൊരു ലോട്ടറി (നറുക്കെടുപ്പ്) ഉണ്ടായിരിക്കില്ലെന്ന് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ഔദ്യോഗികമായി അറിയിച്ചു.
നിയമപരമായി അനുവദിച്ചിട്ടുള്ള വിസകളുടെ എണ്ണ പരിധിയിലേക്ക് ആവശ്യമായ അപേക്ഷകൾ ആദ്യ റൗണ്ടിൽ തന്നെ ലഭിച്ച സാഹചര്യത്തിലാണ് ഇത്തവണ രണ്ടാം ലോട്ടറി വേണ്ടെന്ന് യുഎസ് ഭരണകൂടം തീരുമാനിച്ചത്. പൊതു വിഭാഗത്തിലുള്ള 65,000 വിസകളും, യുഎസിൽ നിന്ന് ഉപരിപഠനം പൂർത്തിയാക്കിയവർക്കുള്ള (മാസ്റ്റേഴ്സ് ക്യാപ്) 20,000 വിസകളും ഉൾപ്പെടെ നിശ്ചിത ക്വാട്ട പൂർണ്ണമായും നികത്താൻ ആവശ്യമായ അപേക്ഷകൾ ഇതിനകം ലഭിച്ചതായി യുഎസ്‌സിഐഎസ് വ്യക്തമാക്കി.
പ്രതീക്ഷകൾ തെറ്റിച്ച് യുഎസ് തീരുമാനം
ആദ്യ റൗണ്ടിൽ വിസ പരിധി തികയാതെ വരുമ്പോഴാണ് സാധാരണയായി യുഎസ് രണ്ടാമതോ മൂന്നാമതോ റൗണ്ട് ലോട്ടറികൾ നടത്താറുള്ളത്. ഇത്തവണ കടുത്ത നിയമ പരിഷ്കാരങ്ങൾ നിലവിൽ വന്നതിനാൽ രണ്ടാം ലോട്ടറി ഉണ്ടാകുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു ഇന്ത്യൻ ഐടി ജീവനക്കാരടക്കമുള്ള ഉദ്യോഗാർത്ഥികൾ.
ഇത്തവണ എച്ച്-1ബി വിസകൾക്കായി വലിയ മാറ്റങ്ങളാണ് യുഎസ് വരുത്തിയിരുന്നത്. മുൻവർഷങ്ങളിലെ കമ്പ്യൂട്ടർ അധിഷ്ഠിത റാൻഡം നറുക്കെടുപ്പിന് പകരം, ഉയർന്ന ശമ്പളമുള്ള ജോലികൾക്ക് കൂടുതൽ മുൻഗണന നൽകുന്ന രീതിയാണ് ഇത്തവണ യുഎസ്‌സിഐഎസ് നടപ്പിലാക്കിയത്. കൂടാതെ, കടുത്ത നിയമങ്ങൾ കാരണം ഇത്തവണ അപേക്ഷകരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. കഴിഞ്ഞ വർഷം 3.43 ലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ച സ്ഥാനത്ത്, ഇത്തവണ അത് 2,11,600 ആയി കുറഞ്ഞിരുന്നു. അപേക്ഷകർ കുറഞ്ഞതിനാൽ കൂടുതൽ റൗണ്ട് ലോട്ടറികൾ ഉണ്ടാകുമെന്ന് വിദഗ്ധരും വിലയിരുത്തിയിരുന്നു.
ഒരു ലക്ഷം ഡോളർ ഫീസ് തിരിച്ചടിയായി
ട്രംപ് ഭരണകൂടം പുതുതായി ഏർപ്പെടുത്തിയ ഒരു ലക്ഷം ഡോളർ (ഏകദേശം 84 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) എച്ച്-1ബി ഫീസ് കമ്പനികളെ കടുത്ത നിയന്ത്രണങ്ങൾക്ക് പ്രേരിപ്പിച്ചു എന്നാണ് വിലയിരുത്തൽ. ഓരോ അപേക്ഷയ്ക്കും ഇത്രയും വലിയ തുക നൽകേണ്ടി വന്നതിനാൽ കമ്പനികൾ വളരെ കുറച്ച് ജീവനക്കാരെ മാത്രമാണ് ഇത്തവണ സ്പോൺസർ ചെയ്തത്. ലോട്ടറിയിൽ പേര് വന്നാൽ പോലും ഭീമമായ ഈ തുക കാരണം പല കമ്പനികളും അന്തിമ അപേക്ഷ സമർപ്പിച്ചേക്കില്ലെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ കമ്പനികൾ കൂട്ടത്തോടെ അപേക്ഷ ഫയൽ ചെയ്തതോടെ രണ്ടാം ലോട്ടറിയെന്ന ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷകൾക്ക് ഇപ്പോൾ തിരിച്ചടിയേറ്റിരിക്കുകയാണ്.
H-1B visa: US says there will be no second lottery; Indian candidates disappointed















