
ന്യൂയോര്‍ക്ക്: പൊലീസിനുനേരെ കളിത്തോക്കു ചൂണ്ടിയ അഭയാര്‍ത്ഥി ബാലനെ പിടികൂടി വെടിവെച്ചു കൊന്ന് യു.എസ് പൊലീസ്. 13 വയസുകാരനാണ് പൊലീസ് നടപടിയില്‍ ദാരുണമായി കൊല്ലപ്പെട്ടത്. പൊലീസിന്റെ വസ്ത്രത്തില്‍ ഘടിപ്പിച്ച ക്യാമറയിലെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
മന്‍ഹാട്ടനില്‍ നിന്നും 400 കിലോമീറ്റര്‍ അകലെയുള്ള യൂട്ടക്ക നഗരത്തിലായിരുന്നു സംഭവം. പൊലീസ് ഉദ്യോഗസ്ഥര്‍ സായുധ മോഷണ അന്വേഷണവുമായി ബന്ധപ്പെട്ടാണ് നഗരത്തിലെത്തിയത്. സംശയത്തെ തുടര്‍ന്ന് മ്യാന്‍മറില്‍ നിന്നുള്ള അഭയാര്‍ത്ഥി ബാലന്മാരായ രണ്ടുപേരെ തടയുകയും ചെയ്തു. എന്നാല്‍ ഇവരില്‍ ഒരാള്‍ പൊലീസിനെ വെട്ടിച്ച് ഓടുകയും കളിത്തോക്ക് ചൂണ്ടുകയും ചെയ്തു. എന്നാല്‍ കുട്ടിയെ കീഴ്‌പ്പെടുത്തി നിലത്തിട്ട പൊലീസ് ഉദ്യോഗസ്ഥന്‍ മാരകമായി വെടിവച്ച് കൊല്ലുകയായിരുന്നു. നയാ എംവേയെന്ന ബാലനാണ് കൊല്ലപ്പെട്ടത്.
ബാലന് ഉടന്‍ പ്രഥമശുശ്രൂഷ നല്‍കി വിന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ലെന്നും പൊലീസ് വ്യക്തമാക്കി. വെടിയുതിര്‍ത്ത ഉദ്യോഗസ്ഥനെയും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും അവധിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
65,000 ജനസംഖ്യയുള്ള നഗരമായ യുട്ടിക്കയില്‍ വെടിവയ്പ്പ് ഉണ്ടായപ്പോള്‍ പൊതുജന പ്രതിഷേധത്തെത്തുടര്‍ന്നാണ് പൊലീസ് ബോഡി ക്യാമറ വീഡിയോകള്‍ പുറത്തുവിട്ടത്. അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാന്‍ സഹായിക്കുന്ന ലാഭരഹിത സ്ഥാപനമായ ദി സെന്റര്‍ പറയുന്നതനുസരിച്ച്, മ്യാന്‍മറില്‍ നിന്നുള്ള 4,200-ലധികം ആളുകള്‍ ഇവിടെ താമസിക്കുന്നുണ്ട്.












