
ന്യൂയോര്‍ക്ക് : മാര്‍ത്തോമ്മാ സഭ സീനിയര്‍ വികാരി ജനറലായി റവ. ഡോ. ഈശോ മാത്യു (64) ചുമതലയേറ്റു. ഇതോടൊപ്പം നിരണം-മാരാമണ്‍ ഭദ്രാസനത്തിന്റെ വികാരി ജനറലായി അദ്ദേഹം തുടരും. സീനിയര്‍ വികാരി ജനറല്‍ റവ. ജോര്‍ജ് മാത്യു വിരമിച്ചതിനെ തുടര്‍ന്നാണിത്.
ടി.ഇ.മാത്യുവിന്റെയും റേച്ചലിന്റെയും മകനാണ്. 1985 മേയ് 29 ന് ശെമ്മാശ പട്ടവും 15 ന് വൈദിക പട്ടവും സ്വീകരിച്ചു. സഭാ കൗണ്‍സില്‍ അംഗം, മലങ്കര സഭാ താരക ചീഫ് എഡിറ്റര്‍, തിരുവല്ല കൊമ്പാടി എപ്പിസ്‌കോപ്പല്‍ ജൂബിലി ഇന്സ്റ്റിറ്റിയുട്ട് പ്രിന്‍സിപ്പല്‍, സഭയുടെ സോഷ്യോ പൊളിറ്റിക്കല്‍ കമ്മിഷന്‍ കണ്‍വീനര്‍, വൈദിക തിരഞ്ഞെടുപ്പ് കമ്മിറ്റി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു.
മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണ സുവര്‍ണജൂബിലി പദ്ധതികളായ ‘അഭയം’ ഭവന പദ്ധതി, ‘ലക്ഷ്യ’ വിദ്യാഭ്യാസ സഹായ പദ്ധതി എന്നിവയുടെ കണ്‍വീനറായും അദ്ദേഹം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു. വിവിധ ഇടവകകളില്‍ വികാരിയായിരുന്നു. 2022 ഫെബ്രുവരി 28 ന് തിരുവല്ല സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ നടന്ന നിയോഗ ശുശ്രൂഷയിലാണ് വികാരി ജനറലായി സ്ഥാനമേറ്റത്. റാന്നി-നിലയ്ക്കല്‍, ചെങ്ങന്നൂര്‍-മാവേലിക്കര എന്നീ ഭദ്രാസനങ്ങളിലും വികാരി ജനറല്‍ ആയിരുന്നു.











