
ന്യൂഡൽഹി: ലോക്‌സഭയിൽ സ്പീക്കറുടെ കസേരയ്ക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന ചെങ്കോൽ ആണ് ഈ പാർലമെൻ്റ് സമ്മേളനത്തിലെ ഏറ്റവും പുതിയ ചർച്ചാവിഷയമായി ഉർന്നിരിക്കുന്നത്. ജനാധിപത്യത്തിൽ ചെങ്കോലിന്റെ പ്രസക്തിയെ ചോദ്യം ചെയ്ത് പ്രതിപക്ഷ എംപിമാർ രംഗത്തെത്തുകയും എന്നാൽ അവർ ഇന്ത്യൻ സംസ്‌കാരത്തെ അവഹേളിക്കുകയാണെന്ന് ബിജെപി തിരിച്ചടിക്കുകയും ചെയ്തിരിക്കുന്നു.
സമാജ്‌വാദി പാർട്ടി എംപി ആർ.കെ. ചൗധരി സ്പീക്കർ ഓം ബിർളയ്ക്ക് അയച്ച കത്താണ് ചെങ്കോലിനെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്. മോഹൻലാൽഗഞ്ചിൽ നിന്നുള്ള എംപിയായ ആർ.കെ. ചൗധരി, ചെങ്കോൽ മാറ്റി ഭരണഘടനയുടെ പകർപ്പ് സ്ഥാപിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
രാജാക്കന്മാരുടെയും ചക്രവർത്തിമാരുടെയും അധികാര ചിഹ്നമാണ് ചെങ്കോൽ എന്ന് ചൗധരി ചൂണ്ടിക്കാട്ടുന്നു. “ഭരണഘടനയോട് യഥാർഥമായ കൂറും വിശ്വാസവും പുലർത്തുമെന്നാണ് ഞാൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ, സ്പീക്കറുടെ ചെയറിന്റെ വലതു വശത്ത് ചെങ്കോൽ കണ്ട് എനിക്ക് അതിശയം തോന്നി. സർ, നമ്മുടെ ഭരണഘടന ഇന്ത്യൻ ജനാധിപത്യത്തിന്റെ പരിശുദ്ധമായ രേഖയാണ്. ചെങ്കോലാകട്ടെ, രാജാധിപത്യത്തിന്റെ സൂചകവും. നമ്മുടെ പാർലമെന്റ് ജനാധിപത്യത്തിന്റെ ശ്രീകോവിലാണ്. അല്ലാതെ, ഏതെങ്കിലും രാജാവിന്റെയോ ചക്രവർത്തി കുടുംബത്തിന്റെയോ കൊട്ടാരമല്ല. പാർലമെന്റ് മന്ദിരത്തിൽനിന്ന് ചെങ്കോൽ മാറ്റി പകരം ഭരണഘടനയുടെ ഭീമൻ പ്രതി ആസ്ഥാനത്ത് സ്ഥാപിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു,” എന്നായിരുന്നു കത്തിലെ ഉള്ളടക്കം.
അതേസമയം, ഇന്ത്യൻ ചരിത്രത്തോടും സംസ്‌കാരത്തോടും സമാജ്‌വാദി പാർട്ടിക്ക് ബഹുമാനമില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിമർശിച്ചു. “ചെങ്കോലിനെക്കുറിച്ചുള്ള അവരുടെ ഉന്നത നേതാക്കളുടെ പരാമർശങ്ങൾ അപലപനീയവും അവരുടെ അറിവില്ലായ്മയെ സൂചിപ്പിക്കുന്നതുമാണ്. പ്രത്യേകിച്ച് തമിഴ് സംസ്കാരത്തോടുള്ള ഇന്ത്യ സഖ്യത്തിന്റെ വെറുപ്പും ഇത് ചൂണ്ടി കാണിക്കുന്നു,” യോഗി ആദിത്യനാഥ് പറഞ്ഞു.










