
എവിടെ എവിടെ സഹ്യപുത്രി മലയാളം? എവിടെ എവിടെ സ്നേഹ പൂർണ മലയാളം? കവി ചോദിച്ച ആ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ശ്രമിക്കുകയാണ് ഇങ്ങ് ഭൂഖണ്ഡങ്ങൾക്ക് ഇപ്പുറം, ഒരു പകലിനിപ്പുറം ഏറെ ദൂരമുള്ള അമേരിക്കയിലെ ചിക്കാഗോയിലുള്ള മലയാളികള്‍.
മലയാളം എന്ന ഹൃദയഭാഷ അത് അമ്മയെ പോലെ തന്നെ അമൂല്യമാണ് എന്ന് അറിഞ്ഞ അവർ മലയാളത്തെ കെടാതെ കാത്തു വയ്ക്കാനായുള്ള ശ്രമത്തിലാണ്. അമേരിക്കൻ മണ്ണിൽ വളരുന്ന അവരുടെ മക്കൾ മലയാളത്തെ അറിയണം എന്നു നിർബന്ധമുള്ളതിനാൽ മലായാളം പഠിപ്പിച്ചു കൊടുക്കുകയാണ്. വേനൽ അവധിക്കാലം ആഘോഷം മാത്രമാക്കാതെ മലയാളം പഠിക്കാനും മലയാള സംസ്കാരത്തെ കുറിച്ച് അറിയാനും ദിവസം 2 മണിക്കൂർ ആ കുട്ടികൾ മാറ്റിവയ്ക്കുന്നു. ചിക്കാഗോ സെന്റ് മേരീസ് പള്ളി കെട്ടിടത്തിലാണ് മലയാള പാഠശാല പ്രവർത്തിക്കുന്നത്.

മലയാളത്തെ സ്നേഹിക്കുന്നവർ അവിടെ വന്ന് കുട്ടികളെ പഠിപ്പിക്കുന്നു. അക്ഷരമാലയും മലയാളം പാട്ടുകളും കവിതകളും പഴമൊഴിയും കഥകളും നാട്ടറിവും കൃഷിയറിവും എല്ലാം അവിടെ പങ്കുവയ്ക്കുന്നു.

ഊഞ്ഞാലാടാനും പൂക്കള്‍ പറിക്കാനും വിത്തിടാനും വിളവെടുക്കാനുമൊക്കെ സ്വന്തം പാട്ടുകളുള്ള മണ്ണിന്റെ മലയാളം, അന്യമായി പോകുന്ന ആ ജീവമലയാളത്തിന്റെ തുടിപ്പ് എന്താണെന്ന് ഈ കുട്ടികൾ മനസ്സിലാക്കുന്നു. അവരുടെ സംസ്കാരവും പൈതൃകവുമാണ് മലയാളം എന്ന അമ്മ ഭാഷ എന്നു കുട്ടികൾ മനസ്സിലാക്കുന്നു. അത് അവരുടെ ജീവ ഭാഷയാണ്. ജന്മമലയാളം. അവരുടെ അച്ഛനമ്മമാരുടെ സ്നേഹം അവർക്ക് പകർന്നു നൽകുന്ന ഭാഷ.

സ്കൂള്‍ അവധിക്കാലത്തെ മലയാള പഠനം അമേരിക്കന്‍ മലയാളി കുട്ടികള്‍ വലിയ ആവേശത്തോടെയാണ് കാണുന്നത്. അദ്ധ്യാപകനായ സജി പൂതൃക്കയിലും സിസ്റ്റര്‍മാരും പറഞ്ഞുകൊടുക്കുന്നത് ആവേശത്തോടെ കുട്ടികള്‍ ഏറ്റുപറയുന്നു. കേരളം എന്ന ഒരു നാടുണ്ടെന്നും ആ നാടിന്റെ ഭാഷയായ മലയാളത്തെ അമ്മയെ പോലെ സ്നേഹിക്കണമെന്നും കുട്ടികളെ പഠിപ്പിക്കുന്ന മാതൃകാപരമായ കാഴ്ചയാണ് ചിക്കാഗോയിലെ സെന്റ് മേരീസ് ക്നാനായ കാത്തലിക് പള്ളിയില്‍ കണ്ടത്.

Summer vacation Malayalam Classes for Chicago Malayali kids











