മഥുര ഈദ്ഗാഹ് പള്ളി പൊളിച്ച് കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: മഥുര ഷാഹി ഈദ്ഗാഹ് പള്ളി നിലനിൽക്കുന്ന സ്ഥലം കൃഷ്ണജന്മഭൂമിയായി പ്രഖ്യാപിക്കണമെന്നും പള്ളി പൊള്ളിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. അലഹബാദ് ഹൈകോടതി ഉത്തരവിനെതിരെയാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

അഭിഭാഷകനായ മാഹേക് മഹേശ്വരിയാണ് ഹർജി നൽകിയത്. തർക്കപ്രദേശം ഹിന്ദുദൈവമായ കൃഷ്ണന്റെ ജന്മസ്ഥലമായി പ്രഖ്യാപിക്കണമെന്നും ഭൂമി ഹിന്ദുക്കൾക്ക് നൽകണമെന്നും കൃഷ്ണ ജന്മഭൂമി ജന്മസ്ഥാൻ പണിയുവാൻ അനുവദിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.

അലഹബാദ് ഹൈകോടതി ഉത്തരവിനെതിരെ സ്​പെഷ്യൽ ലീവ് പെറ്റീഷനാണ് കോടതിയിൽ നൽകിയത്. ഇതുമായി ബന്ധപ്പെട്ട് നിരവധി സിവിൽ ഹർജികൾ കോടതിയുടെ പരിഗണനയിലുണ്ട്. ഈയൊരു സാഹചര്യത്തിൽ പൊതുതാൽപര്യ ഹരജിയുടെ ആവശ്യമില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

എന്നാൽ, അലഹബാദ് ഹൈകോടതി തന്റെ കക്ഷിയുടെ ഹർജി മാത്രമാണ് തള്ളിയതെന്നും മഥുര ഈദ്ഗാഹുമായി ബന്ധപ്പെട്ട മറ്റ് അപേക്ഷകൾ അനുവദിച്ചിട്ടുണ്ടെന്നും മഹേശ്വരിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. പൊതുതാൽപര്യ ഹർജിയാണ് നിങ്ങൾ സമർപ്പിച്ചത്. അതിനാലാണ് അത് നിരസിക്കപ്പെട്ടത്. ഇക്കാര്യത്തിൽ മറ്റൊരു ഹർജി സമർപ്പിക്കാവുന്നതാണെന്നും ജസ്റ്റിസ് ഖന്ന വ്യക്തമാക്കി.

More Stories from this section

family-dental
witywide