പാരിസ് ഒളിംപിക്സ് ഷൂട്ടിങ്ങിൽ വെങ്കല മെഡൽ നേട്ടവുമായി ഇന്ത്യയുടെ സ്വപ്നിൽ സുരേഷ് കുസാലെ. 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ മെഡൽ സ്വന്തമാക്കിയതു പുണെ സ്വദേശിയായ 29 വയസ്സുകാരൻ. ചൈനയുടെ ലിയു യുകൂനാണ് ഈയിനത്തിൽ സ്വർണം നേടിയത്. യുക്രെയ്ന്റെ സെര്‍ഹി കുലിഷ് വെള്ളിയും നേടി.
മണ്ണിനെ അറിയുന്ന, മണ്ണിനെ സ്നേഹിക്കുന്നവരാല്‍ സമ്പന്നമായ കോലാപ്പൂരിലെ കർഷകഗ്രാമത്തില്‍ നിന്നാണ് സ്വപ്നലിന്റെ സ്വപ്ന യാത്ര തുടങ്ങുന്നത്. ജീവിതത്തിലെ കൈപ്പേറിയ കടമ്പകള്‍ താണ്ടിയ സ്വപ്നില്‍ കുസാലെയുടെ ആ യാത്ര പാരീസിലെ പോഡിയത്തില്‍ എത്തി നില്ക്കുന്നു. 50 മീറ്റർ റൈഫിള്‍ ത്രി പൊസിഷൻസില്‍ സ്വപ്നിലിന്റെ പിഴയ്ക്കാത്ത ഉന്നം ഇന്ത്യയ്ക്ക് സമ്മാനിച്ചത് പാരീസിലെ മൂന്നാം മെഡല്‍, മൂന്നാം വെങ്കലം.
14-ാം വയസിലായിരുന്നു മഹാരാഷ്ട്ര സർക്കാരിന്റെ പ്രത്യേക കായിക പദ്ധതിയില്‍ (ക്രീഡ പ്രബോധിനി സ്കീം) സ്വപ്നില്‍ ഉള്‍പ്പെടുന്നത്. അന്ന് മുതല്‍ ഒരു ആഗ്രഹം മാത്രമായിരുന്നു, കായികഭൂപടത്തില്‍ തന്റെ പേരും രേഖപ്പെടുത്തുക എന്നത്. ഇവിടെ നിന്നായിരുന്നു ഷൂട്ടിങ്ങിലേക്കുള്ള ആദ്യ ചുവടുവെപ്പും ഉണ്ടായത്.
പഠനത്തിന്റേയും പരിശീലനത്തിന്റേയും ഇടവേളകളില്‍ ഗ്രാമത്തിലേക്കുള്ള മടങ്ങിവരവില്‍ ഷൂട്ടിങ്ങ് ടാർഗറ്റുകള്‍ വരച്ചും എങ്ങനെ ഷൂട്ട് ചെയ്യുമെന്നതുമൊക്കെ ബന്ധുക്കളേയും സുഹൃത്തുക്കളേയും കാണിച്ചുകൊടുക്കന്നത് സ്വപ്നിലിന് വലിയ സന്തോഷമായിരുന്നെന്നാണ് മാതാവ് അനിത പറയുന്നത്.
2015ല്‍ ഇന്ത്യൻ റെയിൽവേയിൽ ടിക്കറ്റ് കലക്ടറായി ജോലിക്കു ചേർന്ന ആളാണ് സ്വപ്നിൽ. അതിൽനിന്ന് കിട്ടിയ വരുമാനം ഉപയോഗിച്ചാണ് താരം ആദ്യമായി ഒരു റൈഫിൾ വാങ്ങുന്നതും. ആറു മാസത്തെ ശമ്പളം കൂട്ടിവച്ച സ്വപ്നിൽ മൂന്നു ലക്ഷം രൂപയോളം വിലയുള്ള റൈഫിൾ സ്വന്തമാക്കി. അതുവരെ താരം ഉപയോഗിച്ചത് മഹാരാഷ്ട്ര സർക്കാർ സമ്മാനിച്ച ഒരു റൈഫിളായിരുന്നു.
Swapnil Kusale won bronze in Olympics shooting