ആഗോള ഭീകരവിരുദ്ധ ഏജൻസിയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം; എഫ്എടിഎഫ് വൈസ് പ്രസിഡൻ്റായി വിവേക് അഗർവാൾ

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കലിനും ഭീകരവാദ ധനസഹായത്തിനുമെതിരെ പോരാടുന്ന അന്താരാഷ്ട്ര സമിതിയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിൻ്റെ (FATF) വൈസ് പ്രസിഡൻ്റ് പദവി ഇന്ത്യയ്ക്ക്. കേന്ദ്ര സാംസ്കാരിക മന്ത്രാലയം സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായ വിവേക് അഗർവാളാണ് ഈ ഉന്നത പദവിയിലേക്ക് നിയമിതനായത്. ഫ്രാൻസിലെ പാരീസിൽ നടന്ന എഫ്എടിഎഫ് പ്ലീനറി യോഗത്തിലാണ് ഇന്ത്യയ്ക്ക് നിർണ്ണായകമായ ഈ ആഗോള അംഗീകാരം ലഭിച്ചത്.

2026 ജൂലൈ മുതൽ 2027 ജൂൺ വരെയുള്ള ഒരു വർഷക്കാലയളവിലേക്കാണ് വിവേക് അഗർവാളിൻ്റെ നിയമനം. നിലവിലെ വൈസ് പ്രസിഡൻ്റായ യുകെയിൽ നിന്നുള്ള ഗൈൽസ് തോംസണിൻ്റെ കാലാവധി പൂർത്തിയാകുന്ന ഒഴിവിലാണ് അദ്ദേഹം ചുമതലയേൽക്കുക. 1994 ബാച്ച് മധ്യപ്രദേശ് കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ വിവേക് അഗർവാൾ, മുൻപ് കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള റവന്യൂ വകുപ്പിൽ അഡീഷണൽ സെക്രട്ടറിയായും ഇന്ത്യയുടെ എഫ്എടിഎഫ് പ്രതിനിധി സംഘത്തിൻ്റെ തലവനായും മികച്ച സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

2010 മുതൽ എഫ്എടിഎഫിൽ പൂർണ്ണ അംഗമായ ഇന്ത്യ, ചരിത്രത്തിലാദ്യമായാണ് ഈ ആഗോള ബോഡിയുടെ നേതൃത്വ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ആഗോളതലത്തിൽ കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും ഭീകരവാദ ഫണ്ടിംഗിനെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നതിനും ഇന്ത്യ നടത്തുന്ന നിരന്തരമായ ശ്രമങ്ങൾക്കുള്ള വലിയൊരു അംഗീകാരമാണ് ഈ പദവി. കള്ളപ്പണവും തീവ്രവാദ ധനസഹായവും തടയുന്നതിനുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിൽ ഇനി മുതൽ ഇന്ത്യയ്ക്ക് കൂടുതൽ നിർണ്ണായക പങ്കുവഹിക്കാൻ ഈ പുതിയ പദവിയിലൂടെ സാധിക്കും.

Vivek Agarwal becomes FATF Vice President

More Stories from this section

family-dental
witywide