
തിരുവനന്തപുരം: സ്വാതി സംഗീത പുരസ്‌കാരം കര്‍ണ്ണാടക സംഗീതജ്ഞന്‍ പിആര്‍ കുമാര കേരളവര്‍മ്മയ്ക്ക്. രണ്ട് ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം. കര്‍ണ്ണാടക സംഗീതത്തിന്റെ വിവിധ മേഖലകളില്‍ നല്‍കിയ നിസ്തുലമായ സംഭാവനകള്‍ പരിഗണിച്ചാണ് കുമാര കേരളവര്‍മ്മയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ഇന്ത്യന്‍ സംഗീതരംഗത്ത് അവിസ്മരണീയമായ സംഭാവനകള്‍ നല്‍കിയ സംഗീതപ്രതിഭകള്‍ക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത അംഗീകാരമാണ് സ്വാതി സംഗീത പുരസ്‌കാരം.
കര്‍ണ്ണാടക സംഗീതരംഗത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്, കേരള സംഗീത നാടക അക്കാദമി 1993 ല്‍ അക്കാദമി അവാര്‍ഡും 2017 ല്‍ ഫെലോഷിപ്പും നല്‍കി പിആര്‍ കുമാര കേരളവര്‍മ്മയെ ആദരിച്ചിട്ടുണ്ട്. ഏറ്റവുമധികം സ്വാതിതിരുനാള്‍ കൃതികള്‍ പാടിയിട്ടുള്ള സംഗീതജ്ഞനും മുത്തുസ്വാമി ദീക്ഷിതര്‍,ത്യാഗരാജ സ്വാമികള്‍, ശ്യാമശാസ്ത്രികള്‍ എന്നിവരുടെ കൃതികള്‍ ചിട്ടപ്പെടുത്തി പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്ത പ്രതിഭയാണ് കുമാര കേരളവര്‍മ്മ.
എണ്ണക്കാട് കൊട്ടാരത്തിലെ ഇ.രാമവര്‍മ്മ രാജയുടെയും പള്ളം കൊട്ടാരത്തിലെ സീതാദേവി തമ്പുരാട്ടിയുടെയും മകനായി ജനിച്ച അദ്ദേഹം സ്വാതി തിരുനാള്‍ കോളജില്‍ നിന്നും സംഗീതത്തില്‍ ഗാനഭൂഷണ്‍, സംഗീത വിദ്വാന്‍, ഗാനപ്രവീണ കോഴ്സുകള്‍ ഫസ്റ്റ് ക്ലാസ്സോടെ പൂര്‍ത്തിയാക്കി. 1962 ല്‍ കേന്ദ്രസാംസ്‌കാരിക മന്ത്രാലയത്തില്‍ നിന്നും സംഗീതത്തില്‍ ദേശീയ സ്‌കോളര്‍ഷിപ്പും കരസ്ഥമാക്കിയിട്ടുണ്ട്.
ശൊമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ കീഴില്‍ ഗുരുകുലസമ്പ്രദായത്തില്‍ സംഗീതത്തില്‍ പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കി. 1966 ല്‍ സ്വാതി തിരുനാള്‍ സംഗീത കോളജില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം, പാലക്കാട് ചെമ്പൈ സംഗീത കോളജില്‍ പ്രിന്‍സിപ്പാളായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നീണ്ട 28 വര്‍ഷത്തെ സേവനത്തിനുശേഷം സ്വാതിതിരുനാള്‍ സംഗീത കോളജില്‍ നിന്നും പ്രിന്‍സിപ്പാളായാണ് വിരമിച്ചത്.
ഡോ.കെ.ഓമനക്കുട്ടി ചെയര്‍പേഴ്‌സണും കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി മെമ്പര്‍ സെക്രട്ടറിയും സംഗീതജ്ഞന്‍മാരായ പാര്‍വതീപുരം എച്ച്.പത്മനാഭ അയ്യര്‍, കാഞ്ഞങ്ങാട് രാമചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളുമായുള്ള പുരസ്‌കാര നിര്‍ണ്ണയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. പുരസ്‌കാര വിതരണ തീയ്യതി പിന്നീട് പ്രഖ്യാപിക്കും.













