പോർഷെ ഇടിച്ച് 2 പേരെ കൊലപ്പെടുത്തിയ കൗമാരക്കാരന് 15 മണിക്കൂറിൽ ജാമ്യം; ഉപന്യാസം എഴുതാൻ കോടതിയുടെ ഉത്തരവ്

പൂനെ: പ്രായപൂർത്തിയാകാത്ത കൗമാരക്കാരൻ അമിതവേഗത്തിൽ ഓടിച്ച അത്യാഡംബര കാർ ഇടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. ഞായറാഴ്ച പുലർച്ചെ 3.15 ന് പൂണെ കല്യാണി നഗറിലാണ് സംഭവം. അതേസമയം, സംഭവത്തിൽ പ്രായപൂർത്തിയാവാത്ത പ്രതിക്ക് 15 മണിക്കൂറിനുള്ളിൽ കോടതി ജാമ്യം അനുവദിച്ചു. പൂനെയിലെ കൊറേഗാവ് പാർക്കിൽ ശനിയാഴ്ച വൈകുന്നേരമാണ് ‌അപകടമുണ്ടായത്. ഒരു റെസ്റ്റോറൻ്റിൽ പാർട്ടി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അനീഷ് അവാഡിയ, അശ്വിനി കോസ്റ്റ എന്നീ ദമ്പതികളാണ് കൊല്ലപ്പെട്ടത്.

നിബന്ധനകളോടെയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. 15 ദിവസം യെർവാഡയിൽ ട്രാഫിക് പൊലീസുമായി ചേർന്ന് ജോലി ചെയ്യണം, അപകടത്തെ കുറിച്ച് ഉപന്യാസം എഴുതണം, മദ്യപാന ശീലം മാറ്റാൻ ചികിത്സ തേടണം, കൗൺസിലിംഗ് സെഷനുകളിൽ പങ്കെടുക്കണം എന്നീ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചതെന്ന് അഭിഭാഷകൻ പ്രശാന്ത് പാട്ടീൽ പറഞ്ഞു.

അതേസമയം, കാറോടിച്ചിരുന്ന കുട്ടി മദ്യപിച്ചാണോ വാഹനമോടിച്ചതെന്ന് സ്ഥിരീകരിക്കാൻ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ രക്തസാമ്പിളുകൾ മെഡിക്കൽ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. കേസിലെ പ്രതി പ്രായപൂർത്തിയാകാത്ത ആളാണെന്നും 304 വകുപ്പ് പ്രകാരമുള്ള നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ടെന്നും പൂനെ സിറ്റി പൊലീസ് കമ്മീഷണർ അമിതേഷ് കുമാർ പറഞ്ഞു. ഇയാൾക്കെതിരെ ഐപിസിയിലെയും മോട്ടോർ വാഹന നിയമത്തിലെയും മറ്റ് വകുപ്പുകളും പൊലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്.

More Stories from this section

family-dental
witywide