ഒപ്പം താമസിച്ച മൂന്ന് വയോധികരെ കൊലപ്പെടുത്തി രക്ഷപെടാന്‍ ശ്രമിച്ച വിര്‍ജീനിയ യുവതി പിടിയില്‍

ന്യൂയോര്‍ക്ക്: ഒപ്പം താമസിച്ച മൂന്ന് വയോധികരെ കൊലപ്പെടുത്തി രക്ഷപെടാന്‍ ശ്രമിച്ച വിര്‍ജീനിയ യുവതി പിടിയിലായി. 23 കാരിയായ വിര്‍ജീനിയന്‍ യുവതി അലിസ ജെയ്ന്‍ വെനബിളിനെയാണ് പൊലീസ് പിന്തുടര്‍ന്ന് പിടികൂടിയത്.

ഫ്രെഡറിക്സ്ബര്‍ഗിലെ ഒരു വീട്ടില്‍ താമസിച്ചിരുന്ന 60 വയസുകഴിഞ്ഞ ഒരു സ്ത്രീയേയും രണ്ട് പുരുഷന്മാരെയും തലയ്ക്ക് പരിക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. റോബര്‍ട്ട് ജോണ്‍ മക്ഗുയര്‍ (77), ഗ്രിഗറി സ്‌കോട്ട് പവല്‍ (60), കരോള്‍ ആന്‍ റീസ് (65) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകി ഇവരോടൊപ്പം താമസിച്ചിരുന്ന അലിസ ജെയ്ന്‍ ആണെന്ന് കണ്ടെത്തുകയായിരുന്നു.

അലിസ ജെയ്‌നായി തിരച്ചില്‍ നടത്തുന്നതിനിടെ അവരുടെ വാഹനം കണ്ടെത്തുകയും എന്നാല്‍ പൊലീസില്‍ നിന്നും രക്ഷപെടാനായി അവര്‍ അതിവേഗം വാഹനമോടിച്ചുപോകുകയുമായിരുന്നു. പൊലീസ് അവരെ പിന്തുടര്‍ന്ന് സാഹസികമായി പിടികൂടുകയായിരുന്നു. പൊതുജനങ്ങള്‍ക്കോ നിയമപാലകര്‍ക്കോ പരിക്കേറ്റിട്ടില്ലെന്നും വെനബിളിനെ വിര്‍ജീനിയയിലേക്ക് കൈമാറാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഷെരീഫിന്റെ ഓഫീസ് അറിയിച്ചു.

വെനബിളിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇരകളുമായി ഇവര്‍ക്കുള്ള ബന്ധമോ എങ്ങനെ ഇരകളോടൊപ്പം താമസിച്ചു എന്നതോ വ്യക്തമല്ല.