നെതന്യാഹുവിന് വോട്ട് തേടി ട്രംപ്, ഇസ്രയേലുകാരോട് പിന്തുണയ്ക്കാൻ യുഎസ് പ്രസിഡന്റിന്റെ ആഹ്വാനം; ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്ന് ഇസ്രയേൽ പ്രസിഡന്റ്

ജെറുസലേം: ഇസ്രയേലിൽ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് ശേഷം രാജ്യം ആര് നയിക്കണമെന്ന തീരുമാനമെടുക്കുന്നതിൽ ഒരുവിധ ബാഹ്യസമ്മർദ്ദങ്ങൾക്കും വഴങ്ങില്ലെന്ന് ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് തുറന്നടിച്ചു. തിരഞ്ഞെടുപ്പിന് ശേഷം സർക്കാരുണ്ടാക്കാൻ പാർലമെന്റ് അംഗത്തെ ക്ഷണിക്കേണ്ട ഭരണഘടനാപരമായ ചുമതല പ്രസിഡന്റായ ഹെർസോഗിനാണ്. നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും അദ്ദേഹത്തിന്റെ ലിക്കുഡ് പാർട്ടി നയിക്കുന്ന സഖ്യത്തിനും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രണ്ടാമതും പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ പ്രസിഡന്റ് തന്റെ നിലപാട് വ്യക്തമാക്കിയത്.

അമേരിക്കൻ മാധ്യമത്തോട് സംസാരിക്കവേ, ട്രംപിൽ നിന്നുള്ള സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്ന് ഹെർസോഗ് വ്യക്തമാക്കി. യു.എസ്. പ്രസിഡന്റിനോ മറ്റാർക്കെങ്കിലുമോ തന്റെ വിവേചനാധികാരത്തിൽ ഇടപെടാനാകില്ലെന്നും, യാഥാർഥ്യങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും തീരുമാനങ്ങൾ കൈക്കൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു. ട്രംപിനോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നും അദ്ദേഹവുമായുള്ള ഏത് സംഭാഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും വ്യക്തമാക്കിയ ഹെർസോഗ്, എന്നാൽ അന്തിമ തീരുമാനം പൂർണ്ണമായും തന്റേത് മാത്രമായിരിക്കുമെന്നും കൂട്ടിച്ചേർത്തു.

നേരത്തെ, ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. “നിങ്ങൾ വോട്ട് ചെയ്യാൻ പോകുമ്പോൾ നെതന്യാഹു മികച്ചൊരു പോരാളിയായ പ്രധാനമന്ത്രിയായിരുന്നു എന്നത് ഓർക്കുക, നാം ആരംഭിച്ച ജോലി പൂർത്തിയാക്കേണ്ടതുണ്ട്, അതിനാൽ നെതന്യാഹുവിന് വോട്ട് ചെയ്യുക” എന്നായിരുന്നു ട്രംപിന്റെ ആഹ്വാനം. ഈ പോസ്റ്റ് നെതന്യാഹു തന്റെ എക്സ് (X) അക്കൗണ്ടിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.

ട്രംപിന്റെ പിന്തുണ ഉയർത്തിക്കാട്ടി തന്റെ സഖ്യം അധികാരത്തിൽ വന്നില്ലെങ്കിൽ രാജ്യം വലിയ ഭീഷണി നേരിടേണ്ടി വരുമെന്ന് ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. തനിക്കല്ലാതെ മറ്റാർക്കെങ്കിലും വോട്ട് ചെയ്യുന്നത് ഇസ്രയേലികളെ രണ്ടാമതൊരു വംശഹത്യയിലേക്ക് തള്ളിവിടുമെന്ന് വരെ നെതന്യാഹു അഭിപ്രായപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് രാഷ്ട്രീയ നീക്കങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന ശക്തമായ മുന്നറിയിപ്പുമായി പ്രസിഡന്റ് ഹെർസോഗ് രംഗത്തെത്തിയത്.

Israel President Isaac Herzog Rejects External Pressure as Donald Trump Urges Israelis to Support Benjamin Netanyahu

Also Read

More Stories from this section

family-dental
witywide