100 കോടിയുടെ അഴിമതി; മുൻ ഡിഎംകെ മന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി അറസ്റ്റിലായി

ചെന്നൈ: 100 കോടി രൂപയുടെ സ്വകാര്യ സ്കൂൾ അഴിമതിക്കേസിൽ ഡിഎംകെ നേതാവും തമിഴ്‌നാട് മുൻ വിദ്യാഭ്യാസ മന്ത്രിയുമായ അൻപിൽ മഹേഷ് പൊയ്യാമൊഴി അറസ്റ്റിൽ. സ്വകാര്യ സ്കൂളുകൾക്ക് അംഗീകാരവും നിയമപരമായ അനുമതികളും നൽകുന്നതുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഗ്രേറ്റർ ചെന്നൈ പൊലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

2021–26 കാലയളവിൽ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ, സ്ഥിരാംഗീകാരവും മറ്റ് ഭരണപരമായ അനുമതികളും നൽകുന്നതിന് പകരമായി ആയിരത്തിലധികം സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന് പാർട്ടി ഫണ്ടിന്റെ പേരിൽ പണം വാങ്ങിയെന്നാണ് ആരോപണം. അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

സ്വകാര്യ സ്കൂളുകൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിനായി അൻപിൽ മഹേഷ് സെപ്റ്റംബറിൽ ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായിരുന്നു. ഇതിന് പിന്നാലെ ചെന്നൈയിലും തിരുച്ചിറപ്പള്ളിയിലുമുള്ള അദ്ദേഹത്തിന്റെ വസതികളിലും മറ്റ് സ്ഥാപനങ്ങളിലും ക്രൈംബ്രാഞ്ച് എട്ടുമണിക്കൂറോളം പരിശോധന നടത്തി. 100 കോടി രൂപയുടെ കോഴയിടപാടുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.

177 സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകൾക്ക് സ്ഥിരമായ സർക്കാർ അംഗീകാരം നൽകുന്നതിന് പണം വാങ്ങിയെന്നാണ് ആരോപണം. സ്വകാര്യ സ്കൂൾ സംഘടനയുടെ പരാതിയെ തുടർന്നായിരുന്നു പരിശോധന. സ്വത്തുരേഖകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, 18 മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ എന്നിവയുൾപ്പെടെ 118 വസ്തുക്കൾ പരിശോധനയിൽ പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് ജൂണിൽ ബി.ടി. അരശകുമാർ ഉൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ അൻപിൽ മഹേഷ് നിഷേധിച്ചു. പരിശോധന രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണെന്നും ഭരണകക്ഷിയായ ടിവികെയുടെ ശ്രദ്ധതിരിക്കാനുള്ള നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു. 1,200 കോടി രൂപ ചെലവിൽ പുതിയ സെക്രട്ടേറിയറ്റ്–നിയമസഭാ സമുച്ചയം നിർമിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയെ വിമർശിച്ച് പ്രസംഗിച്ചതിന് പിന്നാലെയാണ് നടപടിയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

പരിശോധനയുമായി പൂർണമായി സഹകരിച്ചെന്നും എല്ലാ മുറികളും അലമാരകളും പരിശോധിച്ചെന്നും മുൻമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്തെ പത്താം, പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലങ്ങളുമായി ബന്ധപ്പെട്ട രേഖകളും പരിശോധനാ വിവരങ്ങളടങ്ങിയ രേഖകളും പൊലീസ് കൊണ്ടുപോയതായി അദ്ദേഹം വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥരുമായി തുടർന്നും സഹകരിക്കുമെന്നും അൻപിൽ മഹേഷ് വ്യക്തമാക്കി.

Former DMK minister Anbil Mahesh Poyyamozhi arrested in ₹100-crore corruption case

More Stories from this section

family-dental
witywide