ന്യൂയോർക് സിവിൽ തട്ടിപ്പ് കേസ്: അപ്പീലുമായി യുഎസ് മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്

ന്യൂയോർക് സിവിൽ തട്ടിപ്പ് കേസിൽ 454 മില്യൺ ഡോളർ പിഴയും പലിശയും നൽകണമെന്ന ന്യൂയോർക്ക് കോടതി വിധിക്കെതിരെ യുഎസ് മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അപ്പീൽ നൽകി. 355 മില്യൺ ഡോളർ പിഴയും അതിന്റെ പലിശയും നൽകണമെന്നായിരുന്നു വിധി. തുകയ്ക്ക് ഒപ്പം പലിശയും കൂടിക്കൊണ്ടിരിക്കുകയായിരുന്നു. ദിവസം ഏതാണ്ട് 112,000 ഡോളർ പലിശതന്നെയാകുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിലാണ് ട്രംപ് വേഗത്തിൽ തന്നെ അപ്പീൽ നൽകിയത്. ട്രംപ് പണം നൽകിയില്ലെങ്കിൽ അദ്ദേഹത്തിൻ്റെ സ്വത്തുക്കളിൽ ചിലത് കണ്ടുകെട്ടുമെന്ന് ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസ്അറിയിച്ചിരുന്നു. ട്രംപും രണ്ട് ആൺമക്കളും ചേർന്ന് തങ്ങളുടെ ആസ്തി മൂല്യം പെരുപ്പിച്ചു കാണിച്ച് അനധികൃതമായി വൻ തുക വായ്പ എടുത്തു എന്നാണ് കേസ്. ഈ കേസിൽ പിഴ മാത്രമല്ല ,ന്യൂയോർക് സംസ്ഥാനത്ത് മൂന്ന് വർഷത്തേക്ക് ബിസിനസ്സ് ചെയ്യുന്നതിൽ നിന്നും ജഡ്ജി ആർതർ എൻഗോറോൺ ട്രംപിനെ വിലക്കുകയും ചെയ്തു.

അപ്പീൽ കോടതി ഭീമമായ പിഴത്തുക റദ്ദാക്കുമെന്നും ഈ വിധിയോടെ ന്യൂയോർക്കിലെ നിയമവ്യവസ്ഥയിൽ പൊതുജനത്തിന് നഷ്ടമായ വിശ്വാസം പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും പ്രതീക്ഷിക്കുന്നതായി ട്രംപിൻ്റെ അഭിഭാഷക അലീന ഹബ്ബ പറഞ്ഞു.

അപ്പീൽ പ്രക്രിയ ഒരു വർഷമോ അതിൽ കൂടുതലോ നീണ്ടുനിൽക്കും. ട്രംപ് പണമോ ആസ്തികളോ അപ്പീൽ ബോണ്ടോ വാഗ്ദാനം ചെയ്താൽ വിധി നടപ്പാക്കുന്നതിൽ നിന്ന് താൽക്കാലികമായി സമയം അനുവദിച്ചേക്കാം. ഏത് വഴിയാണ് അദ്ദേഹം സ്വീകരിക്കുകയെന്ന് വ്യക്തമല്ല.

മാധ്യമപ്രവർത്തക ജീൻ കരോൾ നൽകിയ മാനനഷ്ടക്കേസിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ട്രംപ് 83 മില്യൺ ഡോളർ നൽകാൻ കഴിഞ്ഞ മാസം മറ്റൊരു കോടതി വിധിച്ചിരുന്നു.

ഫോർബ്‌സിൻ്റെ കണക്കനുസരിച്ച്, ട്രംപിന് ഏകദേശം 2.6 ബില്യൺ ഡോളറിൻ്റെ ആസ്തിയുണ്ട്. തൻ്റെ കൈയിൽ എത്ര പണമുണ്ടെന്ന് വ്യക്തമല്ലെങ്കിലും, കഴിഞ്ഞ വർഷം തനിക്ക് 400 മില്യൺ ഡോളർ ലിക്വിഡ് ആസ്തി ഉണ്ടെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

Trump appeals Newyork fraud case

More Stories from this section

family-dental
witywide