
അവിഹിത ബന്ധം മറച്ചുവയ്ക്കാനായി പോൺസ്റ്റാർ സ്റ്റോമി ഡാനിയേൽസിന് പണം നൽകിയെന്ന ഹഷ് മണി കേസിൽ വിചാരണ പുരോഗമിക്കെ കോടതിക്ക് അകത്തും പുറത്തും ട്രംപ് ഷോ. കഴിഞ്ഞ ദിവസം സ്റ്റോമിയുടെ സാക്ഷി വിസ്താരം കഴിഞ്ഞപ്പോൾ ക്ഷുഭിതനായ ട്രംപ് കോടതിയിൽ നിന്ന് ഇറങ്ങിപ്പോയി.
7 മണിക്കൂറിലേറെ നീണ്ട സാക്ഷി വിസ്താരത്തിൽ ടാഹോ തടാകത്തിലെ സെലിബ്രിറ്റി ഗോൾഫ് ഔട്ടിങ്ങിൽ നടന്ന കാര്യങ്ങൾ സ്റ്റോമി വിശദീകരിച്ചു. എന്നാൽ ട്രംപിന്റെ അഭിഭാഷക നടിയെ നുണച്ചിയെന്നും കൊള്ളക്കാരിയെന്നും വിളിച്ച് ആക്ഷേപിക്കാൻ ശ്രമിച്ചു.
അഭിഭാഷകർ നടിയെ സമ്മർദത്തിലാക്കാൻ ശ്രമിച്ചെങ്കിലും നടി കൂടുതൽ കാര്യങ്ങൾ തുറന്നു പറയുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തി. താൻ നിരപരാധിയാണെന്നു വാദിച്ച ട്രംപ് സ്റ്റോമി ഡാനിയേൽസിന്റെ വിസ്താരം നിർത്തിവയ്ക്കാൻ അഭ്യർഥിച്ചെങ്കിലും മൻഹാറ്റനിലെ ജഡ്ജി ഹ്വാൻ മെർച്ചൻ വിസമ്മതിച്ചു. തുടർന്ന് ട്രംപ് കോടതിയിൽ നിന്ന് ഇറങ്ങിപ്പോയി. ഇപ്പോഴും കേസിൻ്റെ വിസ്താരം പുരോഗമിക്കുകയാണ്.
അതിനിടെ, കോടതിവിട്ട ശേഷം ട്രംപ് ശനിയാഴ്ച ജേഴ്‌സി ഷോറിലേക്ക് പോയി. അവിടെ പതിനായിരങ്ങൾ അണിനിരന്ന റാലിയിൽ ട്രംപ് ബൈഡനെതിരെ ആഞ്ഞടിച്ചു. ഹഷ് മണി കേസ് വിചാരണ ഒരു ബൈഡൻ ഷോയാണ് എന്ന് ട്രംപ് ആവർത്തിച്ച് ആരോപിച്ചു.
“അയാൾ ഒരു തികഞ്ഞ പൊട്ടനാണ്… പരമ വിഡ്ഢി… ഒരു കഴിവുമില്ലാത്ത ഒരുത്തൻ.. എനിക്ക് എതിരായ എല്ലാ കേസുകളും രാഷ്ട്രീയ പ്രേരിതമാണ്. എൻ്റെ പ്രചാരണത്തെ തടസ്സപ്പെടുത്താൻ ബൈഡൻ മനപൂർവം ചെയ്യുന്നതാണ് ഇതെല്ലാം. പണ്ട് ഞാൻ അയാളെ കുറിച്ച് മാന്യമായി സംസാരിച്ചിരുന്നു. ഇനി അതില്ല. യുദ്ധം തുടങ്ങിക്കഴിഞ്ഞു. ഇനി ഒരു ദാക്ഷിണ്യവുമില്ല.” ട്രംപ് പറഞ്ഞു.
റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായ ട്രംപ്, ന്യൂയോർക്ക് സിറ്റി കോടതിയിൽ നിന്ന് 150 മൈൽ (241 കിലോമീറ്റർ) തെക്ക് തെക്കൻ ന്യൂജേഴ്‌സി റിസോർട്ട് പട്ടണമായ വൈൽഡ്‌വുഡിലാണ് ശനിയാഴ്ച വൈകിട്ട് മെഗാ റാലി നടന്നത്. ഏതാണ്ട് ഒരു ലക്ഷത്തോളം ആളുകൾ റാലിയിൽ പങ്കെടുത്തു എന്ന് ട്രംപ് അനുകൂലികൾ അവകാശപ്പെട്ടു. കേസി വിചാരണ നടക്കുന്നതിനാൽ പല ദിവസങ്ങളിലും ട്രംപിന് പ്രചാരണത്തിന് ഇറങ്ങാനായിരുന്നില്ല.
സിവിലും ക്രിമിനലുമായ നിരവധി കോടതി വ്യവഹാരങ്ങളുമായി അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ നേരിടുന്ന ട്രംപ് അതെല്ലാം തനിക്ക് അനുകൂലമാക്കാനുള്ള ശ്രമത്തിലാണ്.
Trump calls court trial Biden show and Trump Show in and out of court















