വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൻ എറിക് ട്രംപ് സഹസ്ഥാപകനായ അമേരിക്കൻ ബിറ്റ്കോയിൻ കോർപ്പിന് (American Bitcoin Corp) 600 മില്യൺ ഡോളറിലധികം വിപണി മൂല്യം നഷ്ടമായതായി റിപ്പോർട്ട്. ബിറ്റ്കോയിൻ കേന്ദ്രീകരിച്ച ബിസിനസ് തന്ത്രത്തിൽ ഉറച്ചുനിന്നതിനിടെയാണ് കൃത്രിമ ബുദ്ധി (AI) രംഗത്തെ കുതിപ്പ് കമ്പനിക്ക് തിരിച്ചടിയായതെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്.
റിപ്പോർട്ടനുസരിച്ച്, കഴിഞ്ഞ 10 മാസത്തിനിടെ കമ്പനിയുടെ വിപണി മൂല്യത്തിൽ 600 മില്യൺ ഡോളറിലേറെ ഇടിവുണ്ടായി. ബിറ്റ്കോയിന്റെ വില ഇടിഞ്ഞപ്പോൾ, എഐ ഡാറ്റാ സെന്ററുകളിലേക്ക് മറ്റ് കമ്പനികൾ ശ്രദ്ധ കേന്ദ്രീകരിച്ചതും അമേരിക്കൻ ബിറ്റ്കോയിന്റെ തിരിച്ചടിക്ക് കാരണമായി. കമ്പനിയുടെ ഓഹരി വില നിലവിൽ എക്കാലത്തെയും ഉയർന്ന നിലവാരത്തേക്കാൾ 95 ശതമാനം താഴെയാണ്. നാസ്ഡാക്കിലെ ലിസ്റ്റിംഗ് നിലനിർത്താൻ കമ്പനി 1:15 റിവേഴ്സ് സ്റ്റോക്ക് സ്പ്ലിറ്റും നടപ്പാക്കി. ബുധനാഴ്ച ഓഹരി വില റെക്കോർഡ് താഴ്ന്ന നിലയിലെത്തി.
ക്രിപ്റ്റോ മൈനിങ്ങിൽ മാത്രം ആശ്രയിക്കുന്ന ബിസിനസ് മാതൃകകളിൽ നിക്ഷേപകർക്ക് താൽപര്യം കുറഞ്ഞുവരികയാണെന്ന് ബ്ലൂംബെർഗ് വിലയിരുത്തുന്നു. വൈദ്യുതി, ഭൂമി, കമ്പ്യൂട്ടിങ് വിഭവങ്ങൾ എന്നിവ എഐ ഡാറ്റാ സെന്ററുകൾക്കായി പ്രയോജനപ്പെടുത്തുന്ന കമ്പനികളാണ് ഇപ്പോൾ കൂടുതൽ നേട്ടമുണ്ടാക്കുന്നത്. ട്രംപ് കുടുംബത്തിന്റെ ക്രിപ്റ്റോ സംരംഭങ്ങൾക്ക് ഇത് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 2025-ൽ ക്രിപ്റ്റോ രംഗത്ത് നിന്ന് കുറഞ്ഞത് 1.4 ബില്യൺ ഡോളർ വരുമാനം നേടിയതായി അദ്ദേഹത്തിന്റെ സാമ്പത്തിക വെളിപ്പെടുത്തലിൽ പറയുന്നു. അതേസമയം, ട്രംപ് പിന്തുണച്ച ക്രിപ്റ്റോ ടോക്കണുകളിലും അമേരിക്കൻ ബിറ്റ്കോയിനിലും നിക്ഷേപിച്ച ചെറുകിട നിക്ഷേപകർക്ക് വലിയ നഷ്ടമാണ് ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. എറിക് ട്രംപിന് കമ്പനിയിൽ ഏകദേശം ആറ് ശതമാനം ഓഹരി വിഹിതമുണ്ടെന്നും അദ്ദേഹം കമ്പനിയുടെ ചീഫ് സ്ട്രാറ്റജി ഓഫീസറായും പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഡൊണാൾഡ് ട്രംപ് ജൂനിയർ കമ്പനിയുടെ ഉപദേഷ്ടാവാണെങ്കിലും അദ്ദേഹത്തിന്റെ ഓഹരി വിഹിതം വെളിപ്പെടുത്തിയിട്ടില്ല.ആദ്യഘട്ടത്തിൽ എഐ ഡാറ്റാ സെന്ററുകൾ വികസിപ്പിക്കുകയെന്നതായിരുന്നു കമ്പനിയുടെ പ്രധാന ലക്ഷ്യം. എന്നാൽ പിന്നീട് ആ പദ്ധതി ഉപേക്ഷിച്ച് ക്രിപ്റ്റോ മൈനിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. തുടർന്ന് കമ്പനിയുടെ പേര് അമേരിക്കൻ ബിറ്റ്കോയിൻ എന്ന് മാറ്റുകയും, ഗ്രൈഫൺ ഡിജിറ്റൽ മൈനിങ്ങുമായി ലയിച്ച് നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്യുകയും ചെയ്തു.
എന്നാൽ കഴിഞ്ഞ ഒൻപത് മാസത്തിനിടെ ക്രിപ്റ്റോ വിപണി തളർന്നതോടെ അമേരിക്കയിലെ മറ്റ് പ്രമുഖ മൈനിങ് കമ്പനികളായ റയറ്റ് പ്ലാറ്റ്ഫോംസ്, സൈഫർ ഡിജിറ്റൽ, മാര ഹോൾഡിംഗ്സ്, ടെറാവുൾഫ് തുടങ്ങിയവ എഐ ഡാറ്റാ സെന്റർ മേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു. ഇതോടെ അവയുടെ ഓഹരി വില ശരാശരി 60 ശതമാനത്തിലധികം ഉയർന്നപ്പോൾ, അമേരിക്കൻ ബിറ്റ്കോയിന്റെ ഓഹരി വില ഏകദേശം 77 ശതമാനം ഇടിഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
Did Eric Trump lose $600mn? All on risky Bitcoin bet amid AI rise as Donald Trump-backed firm’s value shrinks















