
അയത്തുള്ള അലി ഖംനഇ ഉൾപ്പെടെ കൊല്ലപ്പെട്ട ഇറാൻ നേതാക്കളുടെ ചോരയ്ക്ക് പകരത്തിന് പകരം ചോദിക്കുമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖംനഇ പ്രഖ്യാപിച്ചു. വധശിക്ഷ നടപ്പാക്കേണ്ട താഴെത്തട്ടിലുള്ളവർ മുതൽ ഉന്നതരായ നേതാക്കളുടെ വരെ പട്ടിക ഇതിനകം തയ്യാറാക്കിക്കഴിഞ്ഞതായും ആഗോളതലത്തിൽ ഈ നടപടി ഉടൻ നടപ്പിലാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കേവലം സൈനികമായ തിരിച്ചടിക്ക് അപ്പുറം ലോകമെമ്പാടുമുള്ള ഇറാൻ അനുകൂല ഗ്രൂപ്പുകൾക്കുള്ള പരസ്യ ആഹ്വാനമാണിത്. താനും സൈന്യവും നിലവിലില്ലെങ്കിലും ഈ പ്രതികാര നടപടികൾ നടപ്പിലാകുമെന്നും മുജ്തബ ഖംനഇ വ്യക്തമാക്കി.
അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഇറാൻ്റെ ഭാഗത്തുനിന്ന് ഇത്തരം ഒരു കടുത്ത മുന്നറിയിപ്പ് വരുന്നത്. വിദേശ എതിർപ്പുകൾ മറികടന്ന് സ്വന്തം റിസ്കിലാണ് ഇറാൻ പ്രസിഡന്റ് അമേരിക്കയുമായി ധാരണയിലെത്തിയതെങ്കിലും സമാധാന ശ്രമങ്ങൾ പൊളിക്കാൻ അന്താരാഷ്ട്ര തലത്തിൽ നീക്കം നടന്നതായി അദ്ദേഹം ആരോപിച്ചു. അതിനിടെ, പ്രതികാര നടപടികളുടെ ഭാഗമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ നീക്കം നടന്നതായി അഭ്യൂഹങ്ങളുയർന്നിരുന്നു. എന്നാൽ തന്നെ വധിക്കാൻ ശ്രമിച്ചാൽ ആയിരം മിസൈലുകൾ സജ്ജമാക്കി തിരിച്ചടിക്കുമെന്ന് ട്രംപും മുന്നറിയിപ്പ് നൽകി.
മറുവശത്ത് ഇരുരാജ്യങ്ങളും കടുത്ത നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതോടെ മേഖലയിൽ പ്രതിസന്ധി രൂക്ഷമാകുകയാണ്. മുജ്തബ ഖംനഇയുടെ ഫണ്ട് മാനേജരായ അലി അൻസാരി ഉൾപ്പെടെയുള്ളവർക്കും എക്സ്ചേഞ്ച് കമ്പനികൾക്കും അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി. ഹോർമുസ് കടലിടുക്ക് നിരുപാധികം തുറന്നില്ലെങ്കിൽ പ്രത്യാഘാതം കടുത്തതായിരിക്കുമെന്ന് അമേരിക്കൻ മുന്നറിയിപ്പുമുണ്ട്. അതേസമയം, ഹോർമുസ് വിഷയം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഇറാൻ വിദേശകാര്യ മന്ത്രി ഒമാനിലെത്തി അടിയന്തര ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
Iran Supreme Leader Mojtaba Khamenei Vows Revenge for Slain Leaders, Warns Action Will Be Taken Globally













