”എപ്പോൾ വേണമെങ്കിലും, എവിടെ വച്ചും ഏത് സമയത്തും സംവാദത്തിന് തയ്യാറാണ്”; ബൈഡനെ വെല്ലുവിളിച്ച് ട്രംപ്

വാഷിങ്ടൺ: സൂപ്പർ ചൊവ്വയിലെ വോട്ടുകൾ തൂത്തുവാരിയതിനു ശേഷം പ്രസിഡന്റ് ജോ ബൈഡനെ രാഷ്‌ട്രീയ സംവാദത്തിന് വെല്ലുവിളിച്ച് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എപ്പോൾ വേണമെങ്കിലും, എവിടെ വച്ചും ഏത് സമയത്തും സംവാദത്തിന് തയ്യാറാണെന്നാണ് ട്രംപ് പറഞ്ഞത്.

എന്നാൽ ട്രംപ് മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാൻ പാടുപെടുകയാണെന്ന് ബൈഡൻ പക്ഷം പ്രതികരിച്ചു. നവംബറിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇതുവരെ ചർച്ചകളൊന്നും തീരുമാനിച്ചിട്ടില്ല.

റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാകാനുള്ള മത്സരത്തിനിടെ ഉയർന്നു വന്ന എല്ലാ ചർച്ചകളിൽ നിന്നും ട്രംപ് പിന്മാറിയിരുന്നു. എന്നാൽ 15ൽ 14 പ്രൈമറികളിലും വിജയിച്ച് സ്ഥാനാർത്ഥിത്വം ഉറപ്പാക്കിയതിന് പിന്നാലെയാണ് ട്രംപ് ബൈഡനെ സംവാദത്തിനായി വെല്ലുവിളിച്ചിരിക്കുന്നത്.

” നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കും ഇവിടുത്തെ ജനങ്ങൾക്കും വേണ്ടി, ഞാനും ജോ ബൈഡനും വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ ചർച്ച ചെയ്യണമെന്നത് അത്യന്താപേക്ഷിതമാണ്. എപ്പോൾ എവിടെ വച്ചും ഏത് സമയത്തും അത്തരമൊരു ചർച്ചയ്‌ക്ക് ഞാൻ തയ്യാറാണ്. അദ്ദേഹത്തേയും ഇതിനായി ഞാൻ സ്വാഗതം ചെയ്യുന്നുവെന്നും” ട്രംപ് തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു.

റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള പോരാട്ടത്തിൽ നിക്കി ഹേലിയെ ബഹുദൂരം പിന്നിലാക്കിയാണ് ട്രംപ് മുന്നേറിയിരിക്കുന്നത്. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി ജോ ബൈഡൻ തന്നെയാകും ഇക്കുറിയും മത്സരരംഗത്തുള്ളതെന്നാണ് പ്രൈമറി വോട്ടിംഗിൽ നിന്ന് വ്യക്തമാകുന്നത്.

More Stories from this section

family-dental
witywide