
നാറ്റോ സഖ്യകക്ഷികൾ അവരുടെ സാമ്പത്തിക ബാധ്യതകൾ നിറവേറ്റിയില്ലെങ്കിൽ റഷ്യയോട് ആക്രമിക്കാൻ പറയുമെന്ന് അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ മാസം 24ന് പ്രൈമറി നടക്കുന്ന സൗത്ത് കരോലിനയിൽ പ്രചാരണം നടത്തുന്നതിനിടെയായിരുന്നു ട്രംപിന്റെ പരാമർശം.തന്റെ നേതൃത്വത്തിന് കീഴിലുള്ള അമേരിക്ക ‘കൃത്യവിലോപം’ നടത്തുന്ന രാജ്യങ്ങളെ സംരക്ഷിക്കില്ല. പകരം അങ്ങനെയുള്ള രാജ്യങ്ങളെ ആക്രമിക്കാൻ റഷ്യയെ പ്രോത്സാഹിപ്പിക്കും” ട്രംപ് പറഞ്ഞു. അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ യുക്രയിന് സാമ്പത്തിക സഹായം നൽകുന്നത് ട്രംപ് അംഗീകരിക്കുന്നില്ല.
യുക്രെയ്ന് നൽകുന്ന സാമ്പത്തിക സഹായവും നാറ്റോയുടെ നിലനില്പിനെയും ട്രംപ് പലപ്പോഴായി ചോദ്യം ചെയ്തിരുന്നു. റഷ്യയെ പ്രതിരോധിക്കാൻ വലിയ തുക ചെലവഴിക്കുന്നതിൽ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നാറ്റോയിൽ അംഗങ്ങളായ രാജ്യങ്ങൾ നൽകേണ്ട പണം നൽകാത്തവരെ റഷ്യ ആക്രമിച്ചാൽ സഹായിക്കാൻ അമേരിക്ക ഉണ്ടാകില്ലെന്നും ട്രംപ് സൗത്ത് കരോലിനയിലെ പ്രസംഗത്തിനിടെ പറഞ്ഞു .യുഎസ്-മെക്സിക്കോ അതിർത്തിയിലെ കുടിയേറ്റ പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ട് ജോ ബൈഡൻ സർക്കാർ അവതരിപ്പിച്ച നിയമനിർമാണം കോൺഗ്രസിൽ പരാജയപ്പെട്ടതും ട്രംപ് ആഘോഷിച്ചു. വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ ആദ്യ ദിവസംതന്നെ വലിയൊരു നാടുകടത്തൽ ഉണ്ടാകുമെന്നും ട്രംപ് പ്രതിജ്ഞയെടുത്തു.
Trump Election rally in South Carolina















