കമലയ്ക്ക് ഇസ്രയേലിനെയും ജൂതന്മാരെയും ഇഷ്ടമല്ല : ആരോപണ ശരം തൊടുത്ത് ട്രംപ്‌

ബൈഡന്റെ പിന്മാറ്റത്തോടെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നുവന്ന കമല ഹാരിസ് ‘ആന്റി സെമിറ്റിക്’ ആണെന്നും നവജാതശിശുക്കളുടെ കൊലപാതകത്തിന് അനുമതി നല്‍കാന്‍ പദ്ധതിയിടുന്നതായും ഡോണള്‍ഡ് ട്രംപിന്റെ ആരോപണ ശരം.

എന്നാല്‍, കമലാ ഹാരിസിനെതിരേ വസ്തുതാവിരുദ്ധമായ ആരോപണമാണ് ട്രംപ് ഉന്നയിക്കുന്നതെന്ന് പലരും ഇതിനോടകം ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. വെള്ളിയാഴ്ച, സൗത്തേണ്‍ ഫ്ളോറിഡയില്‍ നടന്ന ഒരു മതപരിപാടിയിലായിരുന്നു ട്രംപിന്റെ അടിസ്ഥാന രഹിത ആരോപണങ്ങള്‍ എത്തിയത്.

‘അവര്‍ക്ക് ജൂതന്മാരെ ഇഷ്ടമല്ല, അവര്‍ക്ക് ഇസ്രയേലിനെ ഇഷ്ടമല്ല, അത് അങ്ങനെയാണ്. അത് എല്ലാക്കാലവും അങ്ങനെ തന്നെ ആയിരിക്കും. അവര്‍ മാറാനേ പോകുന്നില്ല, എന്നും ട്രംപ് പറഞ്ഞതായും വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ച നോര്‍ത്ത് കരോലിനയില്‍ നടന്ന പ്രചാരണത്തിലും കമല സമ്പൂര്‍ണ ജൂതവിരുദ്ധയാണെന്ന് ട്രംപ് ആരോപിച്ചിരുന്നു. കമലയുടെ ഭര്‍ത്താവ് ഡഗ്ലസ് എംഹോഫ് ജൂതനാണ്. ഇതായിരിക്കാം ട്രംപിന്റെ ആരോപണങ്ങള്‍ക്കു പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.

മാത്രമല്ല, 59കാരിയായ കമലാഹാരിസ് ബുധനാഴ്ച യുഎസ് കോണ്‍ഗ്രസില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പങ്കെടുത്ത പരുപാടി ഒഴിവാക്കിയിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ച തിരക്കുകള്‍ ഉണ്ടായിരുന്നതിനാലാണ് കമലയ്ക്ക് ഇതില്‍ പങ്കെടുക്കാന്‍ പറ്റാതെ പോയത്. എന്നാല്‍, ഇതില്‍ വിശദീകരണം നടത്തിയ ട്രംപ്, യഹൂദ വിരുദ്ധതയാണ് കമല പരിപാടിയില്‍ പങ്കെടുക്കാത്തതിന്റെ കാരണമെന്നാണ് തെറ്റായ ആരോപണം ഉന്നയിച്ചത്.

More Stories from this section

family-dental
witywide