
വാഷിംഗ്ടണ്‍: 2024-ലെ ബാലറ്റില്‍ തുടരാനുള്ള മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്പീല്‍ സുപ്രീം കോടതി പരിഗണിക്കാന്‍ തുടങ്ങി. ഇതുസംബന്ധിച്ച അപ്പീലിലെ വാദത്തിന് തുടക്കമായി. വീണ്ടും പ്രസിഡന്റാകാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടിയാകുമോ കോടതിവിധി എന്ന കാത്തിരിപ്പിലാണ് ട്രംപ് അനുയായികള്‍.
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് ഡൊണാള്‍ഡ് ട്രംപിനെ വിലക്കിയ കൊളറാഡോ സുപ്രീം കോടതി ഉത്തരവിനെതിരായ അപ്പീലില്‍ തന്നെ ബാലറ്റില്‍ നിലനിര്‍ത്തണമെന്നാണ് ട്രംപിന്റെ ആവശ്യം. യു.എസ് പാര്‍ലമെന്റ് സമുച്ചയമായ ക്യാപിറ്റോളില്‍ 2021ല്‍ കലാപ സമാനമായ പ്രതിഷേധം നടന്നതില്‍ ട്രംപിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കൊളറാഡോ കോടതിയുടെ നിര്‍ണായക ഇടപെടല്‍. കൊളറാഡോ സ്റ്റേറ്റില്‍ മാത്രമാകും ഈ വിധിക്ക് സാധുത. മറ്റ് സ്റ്റേറ്റുകളില്‍ ട്രംപിന് നിലവില്‍ വിലക്കില്ല. ഇത്തരത്തില്‍ വിലക്ക് നേരിടുന്ന ആദ്യ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് ട്രംപ്. കൊളറാഡോ സ്റ്റേറ്റില്‍ മാത്രമാകും ഈ വിധിക്ക് സാധ്യതയെങ്കിലും അവിടെ മത്സരിക്കാന്‍ കഴിയാത്തതു കൊണ്ട് തന്നെ ട്രംപിന് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശം നല്‍കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും.
2020 തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കാതെ കലാപത്തിനിടയാക്കിയ സംഭവങ്ങള്‍ക്ക് ട്രംപിന്റെ പങ്ക് എന്തെന്നും അതുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ അയോഗ്യനാണോ എന്നതിനെക്കുറിച്ചുള്ള വാദങ്ങള്‍ വ്യാഴാഴ്ച യോഗം ചേര്‍ന്ന് കോടതി പരിഗണിക്കുകയാണ്. കലാപത്തില്‍ ഏര്‍പ്പെട്ട മുന്‍ ഉദ്യോഗസ്ഥരെ വീണ്ടും അധികാരത്തില്‍ തുടരുന്നത് തടയാന്‍ അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തിനുശേഷം സ്വീകരിച്ച ഭരണഘടനാ വ്യവസ്ഥയെക്കുറിച്ച് ജസ്റ്റിസുമാര്‍ ആദ്യമായി പരിഗണിക്കുന്നത് ഈ കേസിലാണ്.
വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായി അഭിപ്രായ സര്‍വ്വേകള്‍ എത്തുന്നത് ട്രംപിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നുണ്ട്. പ്രസിഡന്റ് ബൈഡനേക്കാള്‍ അല്‍പ്പം ജനപ്രീതി കൂടുതലാണ് ട്രംപിന് എന്നാണ് വിലയിരുത്തല്‍.
കാപ്പിറ്റോള്‍ ആക്രമണത്തില്‍ ട്രംപ് സംഘര്‍ഷത്തിന് പ്രേരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കൊളറാഡോ കോടതി വിധി വന്നടോതെ യുഎസിന്റെ ചരിത്രത്തില്‍ തന്നെ അട്ടിമറിയുടെയോ അതിക്രമത്തിന്റെയോ പേരില്‍ അയോഗ്യനാകുന്ന ആദ്യ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയായി ഡോണള്‍ഡ് ട്രംപ് മാറുകയായിരുന്നു. 14-ാം അമന്‍ഡ്‌മെന്റിലെ 3-ാം വകുപ്പ് പ്രകാരമാണ് ഡോണള്‍ഡ് ട്രംപിനെ അയോഗ്യനാക്കി കോളറാഡോ കോടതി വിധി പുറപ്പെടുവിച്ചത്.
അതേസമയം, ട്രംപിനെ പല കാരണങ്ങളാല്‍ ബാലറ്റില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ഇത് സംബന്ധിച്ച ഭേദഗതി ഉപയോഗിക്കാനാവില്ലെന്ന് ട്രംപിന്റെ അഭിഭാഷകര്‍ വാദിക്കുന്നു. അതില്‍ പ്രധാന വാദം ജനുവരി 6 ലെ കലാപം ഒരു കലാപമായിരുന്നില്ല എന്നതാണ്. ഇനി കലാപമാണെങ്കില്‍പ്പോലും പോലും ട്രംപ് അതില്‍ പങ്കെടുത്തില്ല എന്നാണ് അഭിഭാഷകര്‍ പറയുന്നത്.
2020 ലെ തെരഞ്ഞെടുപ്പിന് പിന്നാലെ ബൈഡന്‍ അധികാരത്തിലേറുന്നത് ചെറുക്കാന്‍ ക്യാപിറ്റോളില്‍ വലിയ സംഘര്‍ഷം നടന്നിരുന്നു. ഇതിന് പിന്നില്‍ ട്രംപാണെന്ന് ആരോപിച്ച് സിറ്റിസണ്‍സ് ഫോര്‍ റെസ്‌പോണ്‍സിബിളിറ്റി ആന്‍ഡ് എത്തിക്‌സിന്റെ പിന്തുണയോടെ കോളറാഡോയിലെ ചില വോട്ടര്‍മാരാണ് ട്രംപിനെതിരെ കേസ് നല്‍കിയത്.
ട്രംപിന് അനുകൂലമായ ഒരു നിര്‍ണ്ണായക വിധി വന്നാല്‍, അദ്ദേഹത്തിന്റെ പേര് ബാലറ്റില്‍ പ്രത്യക്ഷപ്പെടുന്നത് തടയാന്‍ കൊളറാഡോയിലും മെയ്നിലും മറ്റിടങ്ങളിലും നടത്തുന്ന ശ്രമങ്ങള്‍ വിഫലമാകും. എന്നാല്‍, കൊളറാഡോ തീരുമാനത്തെ ശരിവെക്കുന്ന തീരുമാനാണ് കോടതിയില്‍ നിന്ന് ഉണ്ടാകുന്നതെങ്കില്‍ അത് അദ്ദേഹത്തെ ബാലറ്റില്‍ നിന്ന് ഒഴിവാക്കാനും അദ്ദേഹത്തിന്റെ പ്രചാരണത്തെ തടസ്സപ്പെടുത്താനും സംസ്ഥാനങ്ങളെ അനുവദിക്കും.















