അമേരിക്കക്കാർ അവരുടെ പ്രസിഡൻ്റിനെ തിരഞ്ഞെടുക്കുന്ന വിധം…, എന്താണ് ഇലക്ടറൽ കോളജ്?

മറ്റു ജനാധിപത്യ രാജ്യങ്ങളെ അപേക്ഷിച്ച്  പ്രസിഡൻ്റിനെ തിരഞ്ഞെടുക്കുന്നതിന് യുഎസിൽ ഒരു സവിശേഷമായ സംവിധാനമുണ്ട്, അതാണ് ഇലക്ടറൽ കോളജ്. അമേരിക്കക്കാർ അവരുടെ പ്രസിഡൻ്റിനെ വോട്ട് ചെയ്ത് നേരിട്ടല്ല തിരഞ്ഞെടുക്കുന്നത് . അവർ വോട്ട്ചെയ്ത് ഇലക്ടറൽ കോളജ് എന്നൊരു സമിതിയെ തിരഞ്ഞെടുക്കും.  ആ ഇലക്ട്രൽ കോളജാണ് പ്രസിഡൻ്റിനെ തിരഞ്ഞെടുക്കുന്നത്. 

എന്താണ് ഇലക്ടറൽ കോളജ്?

അമേരിക്കൻ വോട്ടർമാർ അവരുടെ പ്രസിഡൻ്റിനെ നേരിട്ട് ജനകീയ വോട്ടിലൂടെ തിരഞ്ഞെടുക്കുന്നില്ല. പകരം അവർ വോട്ട് ചെയ്ത് അതത് സംസ്ഥാനങ്ങളിലെ ഇലക്ടർമാരെ തിരഞ്ഞെടുക്കുന്നു. അവരാണ് പിന്നീട് പ്രസിഡൻ്റിനെയും വൈസ് പ്രസിഡൻ്റിനേയും തിരഞ്ഞെടുക്കുന്നത്. ഈ ഇലക്ടർമാരെല്ലാവരും ചേർന്ന 538 അംഗങ്ങളുള്ള സമിതിയാണ് ഇലക്ടറൽ കോളജ്. അമേരിക്കയിലെ 50 സംസ്ഥാനങ്ങളും കോൺഗ്രസിലെ അവരുടെ അംഗസംഖ്യയ്ക്ക് തുല്യമായ ഇലക്ടർമാരെ തിരഞ്ഞെടുക്കും. എല്ലാ സംസ്ഥാനങ്ങൾക്കും കോൺഗ്രസിലെ ഉപരിസഭയായ സെനറ്റിൽ 2 വീതം അംഗങ്ങളുണ്ട്. അതുപോലെ അധോസഭയായ ജനപ്രതിനിധി സഭയിൽ ജനസംഖ്യാ ആനുപാതികമായ അംഗങ്ങളാണ് ഉള്ളത്. ഉദാഹരണത്തിന് ന്യൂയോർക്ക് സ്റ്റേറ്റിന് രണ്ട് സെനറ്റർമരും 26 ജനപ്രതിനിധി സഭ അംഗങ്ങളുമുണ്ട്. അപ്പോൾ ഇലക്ടറൽ കോളജിൽ ന്യൂയോർക്കിന് 28 അംഗങ്ങളുണ്ടായിരിക്കും. 50 സംസ്ഥാനങ്ങളും യുഎസ് തലസ്ഥാനമായ വാഷിങ്ടൺ ഡിസിയും ചേർന്ന് തിരഞ്ഞെടുക്കുന്ന 538 ഇലക്ടറൽ കോളജ് അംഗങ്ങളാണ് പ്രസിഡൻ്റിനെ തിരഞ്ഞെടുക്കുന്നത്. 


Winner Takes All

ഇതാണ് അമേരിക്കൻ ഇലക്ഷനിലെ ട്രംകാർഡ് . അതത് സംസ്ഥാനത്തെ ജനകീയ വോട്ടിൽ ഭൂരിപക്ഷം നേടുന്ന സ്ഥാനാർഥിക്ക് ആ സംസ്ഥാനത്തെ എല്ലാ ഇലക്ടറൽ വോട്ടുകളും ലഭിക്കും. മെയ്ൻ, നെബ്രാസ്ക എന്നീ രണ്ട് സംസ്ഥാനങ്ങളിലൊഴികെ ഇതു ബാധകമാണ്. ഉദാഹരണത്തിന് 2016ലെ തിരഞ്ഞെടുപ്പിൽ ഹിലരി ക്ലിൻ്റണ് അരിസോണ, ജോർജിയ പെൻസിൽവേനിയ, മിഷിഗൺ തുടങ്ങിയ സംസ്ഥാനങ്ങളിൽ , എതിർസ്ഥാനാർഥിയായിരുന്ന ട്രംപിനേക്കാൾ വളരെ ചെറിയ വോട്ടുകളുടെ കുറവേ ഉണ്ടായിരുന്നുള്ളു. പക്ഷേ ഈ സംസ്ഥാനങ്ങളിൽ നിന്ന് ഒറ്റ ഇലക്ടറൽ വോട്ടുപോലും അവർക്ക് കിട്ടിയില്ല. എല്ലാ ഇലക്ടറൽ വോട്ടുകളും ട്രംപിന്ലഭിച്ചു. അതാണ് winner takes All എന്ന നയം. അന്ന് ദേശീയ തലത്തിൽ ജനകീയ വോട്ടുകൾ കൂടുതൽ കിട്ടിയത് ഹിലരിക്കായിരുന്നു , പക്ഷേ പ്രസിഡൻ്റായത് ട്രംപും. ട്രംപിനെക്കാൾ 26 ലക്ഷം വോട്ടുകൾ കൂടുതൽ ഹിലരിക്ക് ഉണ്ടായിരുന്നു എന്നോർക്കണം. 30 സംസ്ഥാനങ്ങളിൽ നിന്നായി 304 ഇലക്ടറൽ വോട്ടുകൾ ട്രംപ് നേടി. ഹിലരിക്ക് 20 സംസ്ഥാനങ്ങളിൽ നിന്നായി 227 ഇലക്ടറൽ വോട്ടുകളേ ലഭിച്ചുള്ളു. അതായത്,  ജനകീയ വോട്ടിൽ മുന്നിൽ എത്തുന്ന സ്ഥാനാർഥി പ്രസിഡൻ്റ് ആകണം എന്ന് ഒരു നിർബന്ധവുമില്ല. ഇലക്ടറൽ കോളജ് വോട്ടുകൾ നേടിത്തരുന്ന സംസ്ഥാനങ്ങളെ എങ്ങനെ വരുതിയിലാക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ജയ – പരാജയങ്ങൾ നിർണയിക്കപ്പെടുക. 

ഇലക്ടർമാരെ തിരഞ്ഞെടുക്കുന്ന വിധം

ഓരോ സംസ്ഥാനത്തേയും പാർട്ടികളുടെ ഘടകങ്ങളാണ് അവിടുത്തെ ഇലക്ടറൽ കോളജ് അംഗങ്ങളെ തീരുമാനിക്കുന്നത്. ഉദാഹരണത്തിന് ഡെമോക്രാറ്റിക് പാർട്ടിക്ക് ഭൂരിപക്ഷം കിട്ടിയ സംസ്ഥാനത്ത് അവരുടെ ഇലക്ടർമാറായിരിക്കും ഇലക്ടറൽ കോളജിലേക്ക് പോകുന്നത്. റിപ്പബ്ളിക്കൻമാർ ജയിക്കുന്നിടത്ത് അവരുടെ ഇലക്ടർമാരും പ്രസിഡൻ്റിനെ തിരഞ്ഞെടുക്കാൻ അർഹത നേടും. പാർട്ടി തീരുമാനത്തിന് വിരുദ്ധമായി വോട്ടുചെയ്യുന്നവരെ ഫെയ്ത്ലെസ് ഇലക്ടേഴ്സ് എന്നു വിളിക്കും.ഇതു തടയാൻ പല സംസ്ഥാനങ്ങളിൽ പല തരം നിയമങ്ങളുണ്ട്. 

സേഫ് ഹാർബർ ഡേ

നവംബറിലെ ആദ്യ തിങ്കളാഴ്ച കഴിഞ്ഞുള്ള ചൊവ്വാഴ്ചയാണ് യുഎസ് തിരഞ്ഞെടുപ്പ് നടക്കുക. ഇത്തവണ അത് നവംബർ അഞ്ചാണ്. ഡിസംബറിലെ രണ്ടാം ബുധനാഴ്ച കഴിഞ്ഞുള്ള ചൊവ്വാഴ്ചയാണ് ഇലക്ടറൽ കോളജ് അംഗങ്ങൾ പ്രസിഡൻ്റിനെ തിരഞ്ഞെടുക്കുക. ഈ വർഷം ഡിസംബർ 17നാണ് ഈ തീയതി. ഇതിനും ആറു ദിവസം മുമ്പ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ളതർക്കങ്ങൾ പരിഹരിക്കപ്പെടണം. ഈ ദിനത്തെ സേഫ് ഹാർബർ ഡേ എന്നാണ് പറയുന്നത്. ജനുവരി ആറിന് വൈസ് പ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ കോൺഗ്രസിൻ്റെ സംയുക്ത സമ്മേളനം ചേർന്ന് വോട്ടുകൾ എണ്ണി ഔദ്യോഗികമായി വിജയിയെ പ്രഖ്യാപിക്കും. പ്രസിഡൻ്റും വൈസ് പ്രസിഡൻ്റും അധികാരം ഏറ്റെടുക്കുന്ന ഇനാഗുറേഷൻ ജനുവരി 20നു നടക്കും.

US President Election Process and important dates

More Stories from this section

family-dental
witywide