
വാഷിംഗ്ടൺ/ടെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി യുഎസും ഇറാനും തമ്മിലുള്ള പോരാട്ടം ആറാം ദിവസവും അതിരൂക്ഷമായി തുടരുന്നു. ഇറാന്റെ സൈനിക താവളങ്ങളെ ലക്ഷ്യമാക്കി അമേരിക്കൻ സേന കനത്ത മിസൈൽ–വ്യോമാക്രമണങ്ങളാണ് വ്യാഴാഴ്ച രാത്രിയും നടത്തിയത്. യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും ഒപ്പുവെച്ച താൽക്കാലിക സമാധാന കരാർ ഇതോടെ പൂർണ്ണമായും തകർച്ചയുടെ വക്കിലെത്തിയിരിക്കുകയാണ്.
ഇറാന്റെ സൈനിക ശേഷി പൂർണ്ണമായും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആക്രമണ പരമ്പരയെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. വ്യാഴാഴ്ച രാത്രി യുഎസ് നടത്തിയ മിസൈൽ ആക്രമണത്തിൽ കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ നൽകുന്ന വിവരങ്ങൾ പ്രകാരം പ്രധാനമായും മൂന്ന് കേന്ദ്രങ്ങളിലാണ് യുഎസ് മിസൈലുകൾ പതിച്ചത്. ഹോർമുസ് കടലിടുക്കിന് തൊട്ടടുത്തുള്ള തന്ത്രപ്രധാന ഖേഷ്ം ദ്വീപിൽ കനത്ത നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാന്റെ പ്രധാന നാവിക താവളങ്ങളിലൊന്നായ ബന്ദർ അബ്ബാസിലും ആക്രമണമുണ്ടായി. ഇറാന്റെ പ്രശസ്തമായ ആണവനിലയം സ്ഥിതി ചെയ്യുന്ന ബുഷെഹർ തീരദേശ നഗരത്തിന് തൊട്ടടുത്താണ് യുഎസ് മിസൈലുകൾ പതിച്ചത്. ഇത് മേഖലയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
“തങ്ങളുടെ വാക്കുകൾക്ക് വില കൽപ്പിക്കാതെ യുഎസ് കപ്പലുകൾക്ക് നേരെ ആക്രമണം തുടർന്നാൽ ഇറാൻ വലിയ വില കൊടുക്കേണ്ടി വരും. എന്നാൽ അതേസമയം തന്നെ നയതന്ത്ര ചർച്ചകൾക്കുള്ള വാതിലുകൾ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പൂർണ്ണമായും അടച്ചിട്ടില്ല.”– എന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ചൂണ്ടിക്കാട്ടി.
അമേരിക്കൻ ആക്രമണങ്ങൾക്ക് ശക്തമായ ഭാഷയിലാണ് ഇറാൻ തിരിച്ചടി നൽകുന്നത്. ജോർദാൻ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ തങ്ങൾ മിസൈൽ ആക്രമണം നടത്തിയതായി ഇറാന്റെ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. ഇറാൻ തിരികെ ചർച്ചകളിലേക്ക് വരണമെന്നും മര്യാദയ്ക്ക് പെരുമാറിയില്ലെങ്കിൽ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ തങ്ങൾക്ക് ഗുണമില്ലാത്ത ഒരു കരാറിലും ഒപ്പുവെക്കില്ലെന്നും ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നും ഇറാന്റെ മുഖ്യ ചർച്ചക്കാരൻ മുഹമ്മദ് ബാഗർ ഘാലിബഫ് വ്യക്തമാക്കി. നിലവിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം ഇറാൻ പൂർണ്ണമായും തടഞ്ഞിരിക്കുകയാണ്.
അതിനിടെ, കഴിഞ്ഞ രണ്ട് വർഷത്തോളമായി ഇറാനിൽ തടവിലായിരുന്ന ഇരട്ട പൗരത്വമുള്ള യുഎസ് വനിത ഡെന കറാരിയെ ഇറാൻ മോചിപ്പിച്ചതായി ട്രംപ് അറിയിച്ചിരുന്നു. ഇറാന്റെ ഭാഗത്തുനിന്നുള്ള “നല്ല മനസ്സിന്റെ” അടയാളമാണിതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിക്കുകയും ചെയ്തു. എന്നാൽ ഈ അവകാശവാദം തള്ളി ഇറാന്റെ നീതിന്യായ വകുപ്പ് രംഗത്തെത്തി. തങ്ങളുടെ തടവറകളിൽ കഴിയുന്ന ഒരു യുഎസ് പൗരനെയും ഇതുവരെ മോചിപ്പിച്ചിട്ടില്ലെന്നും തടവുകാരുടെ കൈമാറ്റം നടന്നിട്ടില്ലെന്നുമാണ് ഇറാന്റെ ഔദ്യോഗിക നിലപാട്. (എന്നാൽ കറാരിയെ ഔദ്യോഗികമായി ജയിലിൽ അടച്ചിരുന്നില്ലെന്നും രാജ്യത്തിന് പുറത്തേക്ക് പോകുന്നത് തടയുന്ന ‘എക്സിറ്റ് ബാൻ’ മാത്രമാണ് അവർക്ക് മേൽ ചുമത്തിയിരുന്നതെന്നും അവരുടെ വക്കീൽ വ്യക്തമാക്കിയിരുന്നു). മേഖലയിൽ ഇപ്പോഴും യുദ്ധവിമാനങ്ങളുടെയും മിസൈലുകളുടെയും ഗർജ്ജനം തുടരുകയാണ്. ഏത് നിമിഷവും കനത്ത നാശനഷ്ടം വിതയ്ക്കുന്ന കൂടുതൽ ശക്തമായ പോരാട്ടത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നാണ് വിലയിരുത്തലുകൾ.
US-Iran war escalates again; Heavy airstrikes on Hormuz borders for sixth day, explosion near nuclear plant













