
സൗത്ത് കരോലിന: സൗത്ത് കരോലിനയിലെ ചാള്‍സ്റ്റണില്‍ താമസിക്കുന്ന ബ്രെന്റ് നോര്‍മന്റെ ദൈനംദിന ബീച്ച് നടത്തം ആരോഗ്യത്തെ ഭയപ്പെടുത്തുന്ന ഒന്നായി മാറി. കടല്‍ത്തീരത്ത് നഗ്‌നപാദനായി നടന്നതിനെ തുടര്‍ന്ന് കാല്‍ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയയുടെ പിടിയിലായത് ദാരുണമായ ആരോഗ്യസ്ഥിതിയിലേക്കാണ് അദ്ദേഹത്തെ എത്തിച്ചത്.
ദിവസേന 15,000 ചുവടുകളോളം നടക്കുന്നതിന് പേരുകേട്ട ആളാണ് ബ്രെന്റ് നോര്‍മന്‍. സള്ളിവന്‍സ് ദ്വീപിനും ഐല്‍ ഓഫ് പാംസിനും ഇടയിലുള്ള തീരത്താണ് ഇദ്ദേഹം പതിവായി നടക്കുക. കഴിഞ്ഞ ആഴ്ച അദ്ദേഹത്തിന്റെ പതിവ് നടത്തത്തിനിടെ, ഉയര്‍ന്ന വേലിയേറ്റത്തിനിടെയിലും അദ്ദേഹം തന്റെ തീരവഴിയിലെ നടത്തം നിര്‍ത്തിയില്ല. അന്നും അദ്ദേഹം നടന്നു. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍, അദ്ദേഹത്തിന് തന്റെ കാലില്‍ വലിയ വേദന അനുഭവപ്പെട്ടു തുടങ്ങി. വേദന കഠിനമായതോടെ ആശുപത്രിയിലെത്തിയപ്പോഴാണ് നോര്‍മന്‍ ശരിക്കും ഞെട്ടിയത്.
നോര്‍മന്റെ കാല്‍ പരിശോധിച്ച ശേഷം, ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ കാലിന് വൈബ്രിയോസിസ് ബാധിച്ചു എന്ന് പറഞ്ഞു. വൈബ്രിയോ എന്ന മാംസ ഭോജി ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണിത്. കടലില്‍ നിന്നും വരുന്ന ചിപ്പികളിലും മറ്റ് ഷെല്‍ഫിഷുകളിലും കാണപ്പെടുന്ന ഏറ്റവും സാധാരണമായ ബാക്ടീരിയകളില്‍ ഒന്നാണ് വൈബ്രിയോ. വേലിയേറ്റ സമയത്ത് ഇത്തരത്തില്‍ തീരത്തടിഞ്ഞ കക്കയിലോ ചിപ്പിയിലോ ചവിട്ടിയതാണ് നോര്‍മാന് രോഗം പിടിപെടാന്‍ കാരണമായത്.
ആന്റിബയോട്ടികും രണ്ടാഴ്ചയായി കഴിക്കാനുള്ള ഗുളികകളും നല്‍കിയാണ് ഡോക്ടര്‍മാര്‍ നോര്‍മന്റെ ആരോഗ്യനില വീണ്ടെടുത്തത്.
വിബ്രിയോ ബാക്ടീരിയ പലതരം അണുബാധകള്‍ക്ക് കാരണമാകും. തിരിച്ചറിയപ്പെട്ട പന്ത്രണ്ട് വൈബ്രിയോ സ്പീഷീസുകള്‍ ഉണ്ടെങ്കിലും, ഏറ്റവും അപകടകാരിയായത് വൈബ്രിയോ തന്നെയാണ്. ഓരോ വര്‍ഷവും യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ 80,000 പേരെ ഈ അവസ്ഥ ബാധിക്കുന്നുണ്ട്. മാത്രമല്ല, 100 മരണങ്ങള്‍ക്കും ബാക്ടീരിയ ഉത്തരവാദിയാണെന്ന് പൊതുജനാരോഗ്യ ഏജന്‍സി പറഞ്ഞു.















