
ന്യൂഡല്‍ഹി : കലാപത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ അഭയംതേടിയ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷേക്ക് ഹസീന നടത്തിയ പ്രസ്താവനകള്‍ക്കെതിരേ ഇന്ത്യയെ കടുത്ത പ്രതിഷേധം അറിയിച്ച് ബംഗ്ലാദേശ്. ധാക്കയിലെ ഇന്ത്യയുടെ ആക്ടിങ് ഹൈക്കമ്മിഷണര്‍ക്ക് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പ്രതിഷേധക്കുറിപ്പ് കൈമാറി. ഹസീന സോഷ്യല്‍ മീഡിയയില്‍ വിദ്വേഷകരമായ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനും ഇന്ത്യയോട് ബംഗ്ലാദേശ് അഭ്യര്‍ഥിച്ചു.
ഇടക്കാല സര്‍ക്കാര്‍ മേധാവി മുഹമ്മദ് യൂനുസ് തന്നെയും സഹോദരി ഷെയ്ഖ് റെഹാനയെയും കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഹസീന തന്റെ അവാമി ലീഗ് പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ചാനലുകളില്‍ നടത്തിയ പ്രസംഗമാണ് പ്രതിഷേധത്തിനിടയാക്കിയത്.
ഹസീനയുടെ ആരോപണങ്ങള്‍ തെറ്റായതും കെട്ടിച്ചമച്ചതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാദേശ് വ്യാഴാഴ്ച ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്. സംഭവവികാസത്തെക്കുറിച്ച് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റില്‍ രാജ്യവ്യാപകമായുണ്ടായ പ്രതിഷേധങ്ങളെത്തുടര്‍ന്ന് രാജിവച്ച ശേഷം ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തു. ഹസീനയ്ക്ക് ഇന്ത്യ അഭയം നല്‍കിയത് ഇരു രാജ്യങ്ങളുടേയും ഉഭയകക്ഷി ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്.