
ബീജിങ്: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, ചൈനയിലെ സംപ്രേക്ഷണാവകാശ തർക്കത്തിൽ ഫിഫയ്ക്ക് വൻ തുക കുറയ്ക്കേണ്ടി വന്നതായി റിപ്പോർട്ട്. ചൈനീസ് ഔദ്യോഗിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, വെറും 60 മില്യൺ ഡോളറിനാണ് (ഏകദേശം 500 കോടി രൂപ) അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ (ഫിഫ) ചൈന മീഡിയ ഗ്രൂപ്പുമായി കരാറിലെത്തിയത്.
തുടക്കത്തിൽ ചൈനീസ് വിപണിയിൽ നിന്ന് 250 മുതൽ 300 മില്യൺ ഡോളർ വരെയാണ് ഫിഫ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഫിഫയുടെ കടുത്ത നിലപാടുകൾക്ക് മുന്നിൽ ചൈന വഴങ്ങാത്തതിനെ തുടർന്ന് ഒടുവിൽ വൻ തുക കുറച്ച് കരാർ ഉറപ്പിക്കാൻ ഫിഫ നിർബന്ധിതരാവുകയായിരുന്നു. 2031 വരെയുള്ള രണ്ട് പുരുഷ ലോകകപ്പുകളും രണ്ട് വനിതാ ലോകകപ്പുകളും ഉൾപ്പെടുന്ന ദീർഘകാല കരാറാണ് ഇരുപക്ഷവും ഒപ്പുവെച്ചിരിക്കുന്നത്. ചൈനയിലെ പൊതുമേഖലാ ചാനലായ സി.സി.ടി.വി വഴി മത്സരങ്ങൾ തത്സമയം കാണാം.
വടക്കേ അമേരിക്കയിൽ നടക്കുന്ന മത്സരങ്ങൾ ചൈനീസ് സമയം പുലർച്ചെയാണ് സംപ്രേക്ഷണം ചെയ്യേണ്ടി വരിക. ഇത് പരസ്യവരുമാനത്തെ ബാധിക്കുമെന്ന് ചൈന വാദിച്ചു. ഇത്തവണ 48 ടീമുകൾ പങ്കെടുക്കുന്നുണ്ടെങ്കിലും ചൈനീസ് പുരുഷ ടീമിന് ലോകകപ്പിലേക്ക് യോഗ്യത നേടാനായില്ല. ഇത് പ്രാദേശിക പ്രേക്ഷകർക്കിടയിലെ ആവേശം കുറച്ചു. ചൈനയിൽ കായിക സംപ്രേക്ഷണാവകാശം ചർച്ച ചെയ്യാൻ സി.സി.ടി.വിക്ക് മാത്രമേ നിയമപരമായി അവകാശമുള്ളൂ. മത്സരിക്കാൻ മറ്റ് സ്വകാര്യ കമ്പനികൾ ഇല്ലാത്തതിനാൽ ചൈന നൽകിയ കുറഞ്ഞ ഓഫർ ഫിഫയ്ക്ക് സ്വീകരിക്കേണ്ടി വന്നു. പ്രതിസന്ധികൾക്കൊടുവിൽ കരാർ യാഥാർത്ഥ്യമായതോടെ ചൈനയിലെ കോടിക്കണക്കിന് വരുന്ന ഫുട്ബോൾ പ്രേക്ഷകർക്ക് ലോകകപ്പ് മത്സരങ്ങൾ തത്സമയം കാണാൻ സാധിക്കും.
FIFA finally gives in to China; signs World Cup broadcast deal for a low fee















